ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഉടൻ ഹാജരാക്കണമെന്ന് കോടതി

0
59

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതിയുടെ നിർദേശം. ആലുവ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം. അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. കേസ് പരി​ഗണിക്കുന്നത് അടുത്ത മാസം 28ലേക്ക് മാറ്റുകയും ചെയ്തു.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണ്. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കിയിരുന്നു. സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.