അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് താലിബാന്‍

0
89

കാബൂള്‍: അഫ്ഗാനിസ്താനിലെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ച് താലിബാന്‍. ‘ശുഭവാര്‍ത്ത ഉടനെയുണ്ടാകും’ എന്ന് താലിബാന്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനി വ്യക്തമാക്കി. എന്നാല്‍ ‘അനുസരണക്കേട്’ കാണിക്കുന്നവര്‍ വീട്ടിലിരിക്കേണ്ടി വരുമെന്നും ഹഖാനി മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവില്‍ ആറാം ഗ്രേഡ് വരെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാം. അതിനു മുകളിലെ കാര്യത്തില്‍ തീരുമാനം ആകുന്നതേയുള്ളു. ഉടന്‍തന്നെ ശുഭവാര്‍ത്ത കേള്‍ക്കാനാകും’-ഹഖാനി വ്യക്തമാക്കി.
താലിബാന്‍ ഭരണത്തെ പേടിച്ചു വീടിന് പുറത്തിറങ്ങാന്‍ മടിക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ‘അനുസരണക്കേട് കാണിക്കുന്ന പെണ്‍കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തും എന്ന് ഹഖാനി മറുപടി നല്‍കിയത്. അനുസരണക്കേട് കാണിക്കുന്ന പെണ്‍കുട്ടികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മറ്റു കേന്ദ്രങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍ എന്നാണെന്നും ഹഖാനി വിശദീകരിച്ചു.
പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നുകൊടുക്കുമെന്ന് നിരവധി തവണ പറഞ്ഞെിരുന്നെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ ആ തീരുമാനത്തില്‍നിന്ന് താലിബാന്‍ പിന്നോട്ടുപോയിരുന്നു. 2022 മാര്‍ച്ച് 23ന് സ്‌കൂള്‍ തുറന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം അടച്ചുപൂട്ടാന്‍ താലിബാന്‍ ഉത്തരവിടുകയായിരുന്നു. പിന്നീടു ഇതുവരെ ഹൈസ്‌കൂളുകള്‍ തുറന്നിട്ടില്ല.
എഫ്ബിഐയുടെ പട്ടികയില്‍ ഉള്‍പ്പെട്ട കുറ്റവാളിയാണ് ഹഖാനി. യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഹഖാനിയുടെ തലയ്ക്ക് 10 മില്യണ്‍ യു.എസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്.