അമേരിക്കയിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു: നിരവധി പേർ നിരീക്ഷണത്തിൽ

0
98

വാഷിംഗ്ടൺ: അമേരിക്കയിലും ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വടക്കേ അമേരിക്കയിലേയും യൂറോപ്പിലേയും ചില ഇടങ്ങളിൽ മെയ് ആദ്യം മുതൽ കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിലെ ചില പ്രദേശങ്ങളിലും രോഗം പടരുന്ന സാഹചര്യമുണ്ട്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

നിലവിൽ 11 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും രോഗികൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം യുകെയിൽ കുരങ്ങ് പനി വ്യാപിക്കുകയാണെന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുകെയിൽ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത് നൈജീരിയയിൽ എത്തി തിരിച്ചെത്തിയ ഒരാളിലാണ്. മെയ് ആറ് മുതൽ ബ്രിട്ടൺ ഒൻപത് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

മുഖത്തും ശരീരത്തും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങ്, പനി, പേശിവേദന എന്നിവയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ. പോർച്ചുഗൽ, സ്‌പെയിൻ, യുകെ എന്നിവടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.