ടൊയോട്ടയുടെ 7 സീറ്റര്‍ ലക്ഷ്വറി എംയുവി വെല്‍ഫയര്‍ സ്വന്തമാക്കി നിവിന്‍ പോളി

0
86

ടൊയോട്ടയുടെ 7 സീറ്റര്‍ ലക്ഷ്വറി എംയുവി വെല്‍ഫയര്‍ (Toyota Vellfire) സ്വന്തമാക്കി നിവിന്‍ പോളി (Nivin Pauly). എക്സ് ഷോറൂം വില 90.80 ലക്ഷവും ടാസ്ക് ഉള്‍പ്പെടെ 1.15 കോടി വിലയും വരുന്ന വാഹനമാണ് ഇത്. സിനിമാതാരങ്ങള്‍ക്കിടയില്‍ സമീപകാലത്ത് ട്രെന്‍ഡ് ആയ വാഹനവുമാണ് ഇത്. മലയാളത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, തെലുങ്കില്‍ നാഗാര്‍ജുന, പ്രഭാസ്, ബോളിവുഡില്‍ ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊക്കെ ഈ വാഹനം സ്വന്തമായുണ്ട്.
മെറൂണ്‍ ബ്ലാക്ക് നിറത്തിലുള്ള വെല്‍ഫയറാണ് നിവിന്‍ പോളിയുടേത്. പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക് ഡ്യുവല്‍ പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് ഫുട് റെസ്റ്റ് സംവിധാനമുള്ള വെന്‍റിലേറ്റഡ് സീറ്റുകള്‍, ആംബിയന്‍റ് ലൈറ്റിംഗ്, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്‍റര്‍ടെയ്‍‍മെന്‍റ് സ്ക്രീന്‍, വൈഫൈ ഹോട്ട്സ്പോട്ട്, 17 ഇഞ്ച് മള്‍ട്ടി സ്പോക്ക് വീലുകള്‍, ലെതര്‍ ഇന്‍റീരിയ എന്നിവയൊക്കെ വെല്‍ഫയറിന്‍റെ പ്രത്യേകതകളില്‍ ചിലത് മാത്രം. 
ബോക്സി ഡിസൈനിലുള്ള കാറിന്‍റെ എന്‍ജിനിലേക്ക് എത്തിയാല്‍ 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന്. 115 എച്ച് പി കരുത്തും 198 എന്‍ എം ടോര്‍ക്കുമുണ്ട് ഇതിന്. എക്സിക്യൂട്ടീവ് ലോഞ്ച് എന്ന വെല്‍ഫയറിന്‍റെ ഒരു വേരിയന്‍റ് മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുള്ളത്. മിനി കൂപ്പര്‍ എസ്, ഫോക്സ് വാഗണ്‍ പോളോ ജിടി, ഓഡി എ 6 എന്നിവയൊക്കെ നിവിന്‍ പോളിക്ക് സ്വന്തമായുണ്ട്.