കൊച്ചിയിലും ഇടുക്കിയിലും കനത്ത മഴ; റോഡുകളിലും വീടുകളിലും വെള്ളം കയറി, ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി, പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടർ ഏത് സമയത്തും തുറക്കാമെന്ന് അറിയിപ്പ്

0
58

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടവേളകളില്ലാതെയുള്ള മഴയിൽ പല ഡാമുകളിലും ജലനിരപ്പ് ഉയർന്നു. എറണാകുളത്തും തൃശൂരും ഇടുക്കിയിലും ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ കലൂർ സൗത്ത്, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃപ്പൂണിത്തുറയിൽ വീടുകളിൽ വെള്ളം കയറി.

തൃശൂർ ജില്ലയിലും ഇന്നലെ രാത്രി മുതൽ ശക്തമായ മഴ പെയ്യുകയാണ്. പെരിങ്ങൽകുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നിട്ടുണ്ട്. അതിനാൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷം ഏത് സമയത്തും ഡാം തുറക്കാൻ സാദ്ധ്യതയുണ്ടെന്ന് കളക്ടർ കൺട്രോൾ റൂം അറിയിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണു.

കാലവർഷം എത്തുന്നതിന് മുൻപേ ജില്ലകളിൽ മഴ ശക്തമായത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ആശങ്കയ്‌ക്ക് കാരണം. ഇടുക്കി അണക്കെട്ടിലേക്ക് 7 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ മാത്രം ഒഴുകിയെത്തിയത്. അതേസമയം കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. കേരളലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് വിലക്കുണ്ട്.