ഇന്നും മഴ; കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സുരക്ഷ ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ ഭരണകൂടം

0
67

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കാലവര്‍ഷമെത്തുന്നതിന് മുന്നോടിയായി ഇടുക്കിയിൽ സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. മാറ്റി പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ വില്ലേജ് ഓഫീസർമർക്ക് നിർദ്ദേശം നൽകിയതായി ഇടുക്കി ജില്ല കളക്ടർ ഷീബ ജോർജ്ജ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റൂമുകൾ തുറക്കും. രണ്ടായിരത്തി പതിനെട്ട് മുതല്‍ ഇടുക്കിയിലുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കാലവര്‍ഷ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ല ഭരണകൂടം നിർദ്ദേശം നൽകിയത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാൻ സാധ്യതയുള്ള മലയോര മേഖലയില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.

റോഡരികില്‍ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാനും മണ്ണിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡില്‍ കാഴ്ച മറയ്ക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കാട് വെട്ടി നീക്കണം. തോട്ടം മേഖലയിൽ റോഡരുകിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റാൻ വനം വകുപ്പിനും നിര്‍ദേശം നല്‍കി. തോട്ടം മേഖലയിലെ ഇടിഞ്ഞു വീഴാറായ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്ലാൻറേഷൻ ഇൻസ്പെട്കർമാർ നടപടി സ്വീകരിക്കണം. മണ്ണിടിച്ചിൽ ഉണ്ടായാൽ നീക്കം ചെയ്യുന്നതിന് വില്ലേജ് അടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രങ്ങളുടെയും ലോറികളുടെയു ലിസ്റ്റ് തയ്യാറാക്കും. ഇത് പഞ്ചായത്തിനും പോലീസിനും കൈമാറും. കളക്ട്രേറ്റിലും അഞ്ച് താലൂക്ക് ഓഫീസുകളിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. മഴക്കാലത്തുണ്ടാകുന്ന പകര്‍ച്ചവ്യാധികൾ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്