എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന്‍ സി.പി.എമ്മിലേക്ക്

0
73

കൊച്ചി: എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ബി.മുരളീധരന്‍ സി.പി.എമ്മിലേക്ക്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പ്രകടിപ്പിച്ചാണ് പാര്‍ട്ടി മാറ്റം. സിപിഎം നേതാക്കളുമായി എം.ബി.മുരളീധരന്‍ ചര്‍ച്ച നടത്തി. എല്‍ഡിഎഫുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നേരത്തെ എം.ബി.മുരളീധരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഉമ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എറണാകുളത്തെ യുഡിഎഫ് നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടതാണെന്നും പിടിയുടെ കുടുംബത്തെ സഹായിക്കേണ്ടത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ മുരളീധരന്‍ തുറന്നടിച്ചത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ നേതൃത്വം വ്യത്യസ്ത സമീപനം സ്വീകരിക്കുകയായിരുന്നു. മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായതെന്ന് മുരളീധരന്‍ വ്യക്തമാക്കി.