യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ഇടപാടിനായി രഹസ്യ തുരങ്കം; ഒടുവില്‍ പൂട്ടിട്ട് അധികൃതര്‍

0
57

യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നതിനായി സിനിമാ കഥകളെ വെല്ലുന്ന ടണല്‍ കണ്ടെത്തി അധികൃതര്‍. യു എസ് ആന്റി നാര്‍കോടിക്‌സ് ഏജന്റുമാരാണ് ഈ തുരങ്കപാത കണ്ടെത്തിയത്. മെക്‌സിക്കന്‍ നഗരമായ ടിജുവാനയില്‍ നിന്ന് കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയിലെ അതിര്‍ത്തിയില്‍ നിന്ന് 300 അടി അകലെയുള്ള ഒരു വെയര്‍ഹൗസിലേക്കാണ് ഈ രഹസ്യ തുരങ്ക പാത നീളുന്നത്.

മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തപ്പോഴാണ് രഹസ്യ പാതയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹെറോയിന്‍, മെതാംഫെറ്റാമിന്‍ എന്നിവ കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് ഇടപാടുകാര്‍ക്കിടയില്‍ ഈ പാത നാര്‍ക്കോ ടണല്‍ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

1750 അടിയാണ് തുരങ്ക പാതയുടെ നീളം. പാതയുടെ മറുവശത്ത് കൂരിരുട്ടാണ്. 1993മുതല്‍ ഇത്തരത്തിലുള്ള നൂറിലധികം രഹസ്യ തുരങ്കങ്ങളാണ് യു എസ് ആന്റി നാര്‍കോടിക്‌സ് വിഭാഗം കണ്ടെത്തി പൂട്ടിച്ചിട്ടുള്ളത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഏറ്റവും വലിയ നാര്‍ക്കോ ടണലുകളില്‍ ഒന്നാണെന്ന് ആന്റി നാര്‍കോടിക്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.