തെലുങ്കാനയിലെ വാറങ്കല്‍ ഭൂസമരം; ബിനോയ് വിശ്വം എം പി ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾ അറസ്റ്റിൽ

0
58

തെലുങ്കാനയിലെ വാറങ്കലിൽ നടന്ന ഭൂസമരത്തിനിടെ രാജ്യസഭാ എം പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സി പി ഐ നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ് വിട്ടയച്ചു. വാറങ്കല്‍ സുബദാരി പോലീസ് സമര സ്ഥലത്തേക്ക് പോകാന്‍ നേതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
ഇവിടേക്ക് ബിനോയ് വിശ്വം, തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയ നേതാക്കള്‍ വിലക്ക് ലംഘിച്ച് പോകാന്‍ തുടങ്ങിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ വാറങ്കലില്‍ ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്.
പ്രദേശത്തെ ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍ കെട്ടി സമരം ചെയ്യുന്നത്. അന്യായമായാണ് തെലങ്കാന പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. ഭൂമാഫിയയ്ക്കായി ചന്ദ്ര ശേഖര്‍ റാവു സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും സിപിഐ ചൂണ്ടിക്കാട്ടി.