132 പേര്‍ മരിച്ച ചൈനീസ് വിമാനാപകടം ബോധപൂര്‍വ്വം ഉണ്ടാക്കിയത്

0
85

വാഷിംഗ്ടൺ: ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനാപകടം (Chines Plane Crash) മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട്. യുഎസ് റിപ്പോര്‍ട്ടുകള്‍ (USA) ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണലാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സിൽ (Black Box) നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം നിർമ്മിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ആണ് അപകടത്തിന് പിന്നിൽ എന്നാണ് റിപ്പോര്‍ട്ട്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്.
2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11നാണ് അപകടമുണ്ടായത്. സമുദ്രനിരപ്പില്‍നിന്ന് 3,225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ഗുവാങ്സിയില്‍ തകര്‍ന്നത്. കുന്‍മിങ്ങിലയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നും ആവർത്തിച്ചുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് നേരത്തെ തന്നെ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സത്യമെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 
പൈലറ്റോ, കോക്‌പിറ്റിലേക്ക് അതിക്രമിച്ച് കയറിയ മറ്റാരെങ്കിലുമോ ആണ് ഇതിന് പിന്നിലെന്നാണ് അനുമാനിക്കുന്നത്. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. വിമാനം റാഞ്ചപ്പെട്ടോ എന്ന കാര്യങ്ങള്‍ അടക്കം ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടിവരും എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അതേ സമയം പുതിയ വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല. 
പ്രാഥമിക അന്വേഷണത്തിൽ സാങ്കേതിക തകരാറിന്റെ സൂചനകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ക്രൂവിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സംഭവത്തിൽ ജെറ്റിന്റെ നിർമ്മാതാക്കളായ ബോയിംഗ്  ഇതുവരെയും പ്രതികരിക്കാൻ തയ്യാറായില്ല. ചൈനീസ് അധികൃതരോട് അപകടത്തെക്കുറിച്ച് ചോദിക്കാൻ ആയിരുന്നു ഇവർ പറഞ്ഞത്. അതേ സമയം പുതിയ വാര്‍ത്തയില്‍ അഭിപ്രായം പറയില്ലെന്ന് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പറയുന്നത്.
അതേ സമയം കഴിഞ്ഞ വാരം ചൈനയിലെ തന്നെ ചോങ്‌കിംഗ് ജിയാങ്ബെയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വിമാനം അപകടത്തില്‍പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ ടിബറ്റിയൻ എയർലൈൻസ് വിമാനത്തിന് തീ പിടിക്കുകയായിരുന്നു. സംഭവത്തിൽ എന്നാല്‍ യാത്രക്കാരും ജീവനക്കാരും രക്ഷപ്പെട്ടു.