ഷെറിൻ സെലിൻ മാത്യുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
84

കൊച്ചി: കൊച്ചിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ ഷെറിൻ സെലിൻ മാത്യുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. മറ്റ് മുറിപ്പാടുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഷെറിന്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ച് വരികയാണ്. വൈറ്റില ചക്കരപ്പറമ്പിലെ ലോഡ്ജിൽ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷെറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

മരണസമയത്ത് ഷെറിന്റെ മുറിയിലുണ്ടായിരുന്ന ഫോണിന്റെ വിഡിയോകോൾ ഓൺ ആയിരുന്നു. ആ സമയം വിഡിയോ കോളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ഷെറിനെ കണ്ടത്. രാത്രി 10 മണി വരെ ഷെറിനൊപ്പം മറ്റൊരു ട്രാൻസ്‌ജെൻഡർ യുവതി കൂടിയുണ്ടായിരുന്നു. ഷെറിനും പങ്കാളിയുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു.

കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് സ്റ്റാറ്റസുകൾ മനോവിഷമം ഉണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്നതായും സുഹൃത്തുക്കൾ പറയുന്നു. നടിയും മോഡലുമായ ഷെറിൻ സെലിൻ ഏറെ നാളുകളായി എറണാകുളത്താണ് താമസിച്ചു വരുന്നത്. ആലപ്പുഴ കാവാലം സ്വദേശിനിയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും മരണകാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചുവെന്നും പാലാരിവട്ടം പൊലീസ് അറിയിച്ചിരുന്നു.