കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി; വാടകയും വിവരങ്ങളും അറിയാം

0
100

കൊച്ചി : കൊച്ചി മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനിലും ഇനി വിവാഹ ഫോട്ടോഷൂട്ട് നടത്താൻ അനുമതി. മെട്രോ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. നേരത്തെ ഡൽഹി മെട്രോയിൽ ഫോട്ടോ ഷൂട്ട് നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത് നടപ്പിലാക്കുന്നത്.

വിവാഹ ഫോട്ടോഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബൂക്ക് ചെയ്യാവുന്നതാണ്. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം. എന്നാൽ ഓരോന്നിനും നിരക്കുകളിൽ വ്യത്യാസമുണ്ടാകും. ഷൂട്ടിന് മുന്നോടിയായി സെക്യൂരിറ്റി ഡിപ്പോസിറ്റും കെട്ടിവെയ്‌ക്കണം. ഒരു കോച്ചിന് 10000 രൂപയാണ് ഡിപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡിപ്പോസിറ്റായി നൽകണം.

നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് വാടക. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും. സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് നടത്താൻ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ് വാടക. ഷൂട്ട് കഴിയുമ്പോൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരിച്ച് നൽകും.