Jan Dhan Account: നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ വിഷമിക്കേണ്ട.
ഓവര്‍ഡ്രാഫ്റ്റ് വഴി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് 10,000 രൂപ വരെ അധികമായി പിന്‍വലിക്കാം. ഏതെങ്കിലും ബാങ്കില്‍ ജന്‍ ധന്‍ അക്കൗണ്ട് തുറക്കുകയാണെങ്കിലാണ് ഇത് സാധിക്കുക.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന ഈ സൗകര്യം മാത്രമല്ല, മറ്റ് പല ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് എങ്ങനെ ഈ അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയാം.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന എപ്പോഴാണ് ആരംഭിച്ചത്? (When Jan Dhan Yojana Started?)
2014 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്‍ ധന്‍ യോജനയുടെ പ്രഖ്യാപനം നടത്തിയത്. ശേഷം, അതേവര്‍ഷം ഓഗസ്റ്റ് 28ന് ഈ പദ്ധതി ആരംഭിച്ചു. ഇപ്പോള്‍ 42 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതിയുടെ വിജയം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ഇതിന്‍റെ രണ്ടാം പതിപ്പ് 2018ലാണ് ആരംഭിച്ചത്.
പ്രധാനമന്ത്രി ജന്‍ ധന്‍ യോജന നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്? (What are the benfits of Jan Dhan Yojana?)
പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയിലൂടെ ധാരാളം സൗകര്യങ്ങള്‍ ലഭ്യമാണ്. ഈ പദ്ധതിയിലൂടെ 10 വയസില്‍ താഴെയുള്ള കുട്ടികളുടെ പേരിലും അക്കൗണ്ട് തുറക്കാം. കൂടാതെ, നിങ്ങള്‍ക്ക് റുപേ എടിഎം കാര്‍ഡ്, രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, 30,000 രൂപയുടെ ലൈഫ് കവര്‍, നിക്ഷേപ തുകയുടെ പലിശ എന്നിവ ലഭിക്കും.
ഇതില്‍ 10,000 ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭിക്കും. അതുകൂടാതെ, ഏത് ബാങ്കിലും ഈ അക്കൗണ്ട് തുടങ്ങാം. ഈ അക്കൗണ്ടിന് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഇല്ല.
പ്രധാനമന്ത്രി ജന്‍ ധന്‍ അക്കൗണ്ട് തുറക്കാന്‍ ആവശ്യമായ രേഖകള്‍ എന്തെല്ലാമാണ്? (What are the documents required to open Jan Dhan Yojana?)
ആധാര്‍ കാര്‍ഡ് / പാസ്‌പോര്‍ട്ട് / ഡ്രൈവിംഗ് ലൈസന്‍സ് / പാന്‍ കാര്‍ഡ് / വോട്ടര്‍ കാര്‍ഡ് / NREGA തൊഴില്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം.
നിങ്ങളുടെ കൈവശം ഈ രേഖകള്‍ ഒന്ന് തന്നെയില്ല എങ്കിലും നിങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാം. രേഖകള്‍ ഇല്ല എങ്കില്‍ നിങ്ങള്‍ക്ക് “Small Account” തുറക്കാന്‍ സാധിക്കും.
ജന്‍ ധന്‍ അക്കൗണ്ട് തുറക്കാന്‍ നിങ്ങള്‍ക്ക് ഒരു തരത്തിലുള്ള ഫീസും നല്‍കേണ്ടതില്ല.