ജീവൻ പണയം വെച്ച് രക്ഷകനായി; 100 അടി ഉയരത്തിൽ തൂങ്ങി കിടന്ന മൂന്ന് വയസുകാരിയെ രക്ഷപെടുത്തി യുവാവ്…

0
76

ലോകത്തിടന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ മുന്നിലേക്ക് എത്താറുണ്ട്. അങ്ങനെ കാഴ്ച്ചക്കാർ മുഴുവൻ മുൾമുനയിലാക്കിയ വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം ജീവൻ പണയം വെച്ച് ഒരു മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് യുവാവ്. കസാഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിലാണു സംഭവം നടക്കുന്നത്. 100 അടി ഉയരത്തിൽ നിന്നാണ് മൂന്ന് വയസുകാരി വീഴാതെ തൂങ്ങി കിടക്കുന്നത്. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനൽക്കമ്പിയിൽ പിടിച്ചു തൂങ്ങിനിൽക്കുകയായിരുന്നു. അവിടെ നിന്നാണ് യുവാവ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

അമ്മ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കുഞ്ഞിന് അപകടം സംഭവിക്കുന്നത്. ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. സാബിത് ഷോൺതാക്ബേവ് എന്ന യുവാവ് ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ആൾക്കൂട്ടം കാണുന്നത്. എല്ലാവരും കാഴ്ച കണ്ട് ഭയന്നെങ്കിലും യുവാവ് ധൈര്യം സംഭരിച്ച് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. തൊട്ട് താഴത്തെ നിലയിലെ ജനകമ്പിയിൽ തൂങ്ങി കിടന്നാണ് യുവാവ് കുഞ്ഞിനെ രക്ഷിച്ചത്.

കുട്ടിയുടെ ഫ്ലാറ്റിനു തൊട്ടു താഴെയുള്ള നിലയിലെ ജനൽവഴി പുറത്തിറങ്ങിയ സാബിത് ഒരു കൈ ജനൽക്കമ്പികളിൽ പിടിച്ച് മറ്റേക്കയ്യിൽ കുട്ടിയെ ചേർത്തു പിടിച്ചു. തുടർന്ന് മുറിക്കുള്ളിൽ നിന്ന ആൾക്ക് കുട്ടിയെ കൈമാറുന്നതും വിഡിയോയിൽ കാണാം. സാബിത്തിന്റ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. കസാഖ്സ്ഥാൻ മന്ത്രാലയം സാബിത്തിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയും അവാർഡ് നൽകുകയും ചെയ്തു.