ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന; നാദാപുരത്ത് ബംഗാൾ സ്വദേശി പിടിയിൽ

0
107

കോഴിക്കോട് : ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ വിവിധ ഭാഷാ തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമബംഗാൾ മിഡ്‌നാപുർ സ്വദേശി മിർ സിറാജുദ്ദീനെ(32) ആണ് പിടികൂടിയത്. നാദാപുരം എസ്‌ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

ആവോലത്തെ ഹോട്ടൽജീവനക്കാരനായ യുവാവ് ഹോട്ടൽജോലിക്കിടെ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഫോണിൽ ബന്ധപ്പെട്ടാൽ ഹോട്ടിൽനിന്ന് പുറത്തേക്കിറങ്ങി സാധനങ്ങൾ കൈമാറുകയാണ് ചെയ്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

കഞ്ചാവ് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും കൈമാറുകയുമാണ് ചെയ്യാറുള്ളതെന്ന് പോലീസ് പറഞ്ഞു. വിവിധ ഭാഷാ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപ്പന നടത്തുന്നത് എന്നാണ് വിവരം. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.