ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിൽ

0
130

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വെ റിപ്പോര്‍ട്ട്.

2019ല്‍ നടന്ന സര്‍വെയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 11,346 കേസ് സ്റ്റഡികളുടെ അടിസ്ഥാനത്തിലാണ് സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്. ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കാന്‍ കൊവിഡ് മഹാമാരിയും അതേത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണമായെന്നും സര്‍വെ കണ്ടെത്തുന്നുണ്ട്. (Most child marriages in South India happen in andra pradesh)

29.3 ശതമാനം ശൈശവ വിവാഹങ്ങളാണ് ആന്ധ്രാപ്രദേശില്‍ ഈ കാലയളവില്‍ നടന്നത്. മുന്‍പ് ഇത് 33 ശതമാനമായിരുന്നു. ശൈശവ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ വ്യാപകമായി ശൈശവ വിവാഹം നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് എന്ന് സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 15 മുതല്‍ 19 വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നതിന്റെ നിരക്കും ആന്ധ്രാപ്രദേശില്‍ വളരെ കൂടുതലാണ്.

തെലുങ്കാനയാണ് ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 23.5 ശതമാനമാണ് സംസ്ഥാനത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നിരക്ക്. തൊട്ടുപിന്നില്‍ കര്‍ണാടകയാണ്. 21.3 ശതമാനമാണ് ശൈശവ വിവാഹ നിരക്ക്. തമിഴ്‌നാട്ടില്‍ 12.8 ശതമാനം ശൈശവ വിവാഹങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലാണ് ശൈശവ വിവാഹം ഏറ്റവും കുറവ്. 6.3 ശതമാനം ശൈശവ വിവാഹങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.