ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു

0
81

കാസര്‍കോട്: ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച ചെറുവത്തൂരിൽ കിണർ വെള്ളത്തില്‍ അടക്കം ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ഷിഗെല്ല കണ്ടെത്തിയത്. അഞ്ച് സാമ്പിളുകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 12 സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം നാലാം തീയതിയാണ് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്.
ആകെ 30 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യവിൽപ്പന ശാലകളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.  ഐഡിയൽ ഫുഡ് പോയന്റ് കടയിലേക്ക് ഉപയോഗിച്ച ജലസ്രോതസ് പരിശോധിച്ചതോടെയാണ് ഇപ്പോഴത്തെ നിർണായക കണ്ടെത്തൽ. ഇതോടൊപ്പം പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകൾ പരിശോധിനയ്ക്ക് അയച്ചിരുന്നു.
നേരത്തെ ചെറുവത്തൂരിൽ ഷവർമ്മയിൽ നിന്ന്  വിഷബാധയുണ്ടായതിന് പിന്നാലെ ഭക്ഷ്യ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ നിന്നുള്ള ഷവർമ്മ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജ്യണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്.