ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകൾ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

0
103

ദില്ലി: ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ചില ഇളവുകൾ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് കുടുങ്ങിയ ഗോതമ്പ് കയറ്റി അയക്കാന്‍ കേന്ദ്രം പ്രത്യേക അനുമതി നല്‍കി. ലോഡ് ചെയ്യാന്‍ ബാക്കിയുണ്ടായിരുന്ന 17160 മെട്രിക് ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്യാന്‍ ഡയറക്ടർ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ചത്. ഈജിപ്തിലേക്ക് കൊണ്ടുപോകാനായി എത്തിച്ചതായിരുന്നു ഇത്. മെയ് പതിമൂന്നിന് മുന്‍പ് കസ്റ്റംസ് പരിശോധനയ്ക്കായി നല്‍കിയ ചരക്കുകളും കയറ്റി അയക്കാമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഉയരുന്ന ഗോതമ്പ് വില പിടിച്ചുനിർത്താനായാണ് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. 
ഇന്ത്യയിലെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷാ സാഹചര്യം കൈകാര്യം ചെയ്യുന്നതിനും ഗോതമ്പിന്റെ ആഗോള വിപണിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പ്രതികൂലമായി ബാധിച്ച  അയൽരാജ്യങ്ങളുടെയും ദുർബലരായ രാജ്യങ്ങളുടെയും ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനുമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത്. ഈ ഉത്തരവ് അനുസരിച്ച്, സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ മുൻകൂറായി സാമ്പത്തിക കരാറിൽ ഏർപ്പെട്ട കേസുകളിലും മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അവിടുത്തെ സര്‍ക്കാരുകളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നൽകുന്ന സാഹചര്യങ്ങളിലും ഈ നിയന്ത്രണം ബാധകമല്ല.
അതിനിടെ, ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിനെ അപലപിച്ച് ജി ഏഴ് രാജ്യങ്ങൾ രംഗത്തെത്തി. രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതിന് പിന്നാലെയാണ് കയറ്റുമതി നിരോധനത്തിനെതിരെ ജി 7 രാജ്യങ്ങൾ രംഗത്തെത്തിയത്. ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ജി 7 രാജ്യങ്ങളുടെ കാർഷിക മന്ത്രിമാർ, ഇപ്പോഴത്തെ ലോകസാഹചര്യത്തിൽ പ്രധാന ഉത്പാദക രാജ്യങ്ങൾ ധാന്യങ്ങൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയാൽ അത് ലോകസമ്പത്ത് ഘടനയെ ദോഷകരമായി ബാധിക്കുമെന്നും കുറ്റപ്പെടുത്തി. കാനഡ, ജർമനി, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമർശിക്കുന്നത്. 
അതേസമയം, ഗോതമ്പിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ആഗോള തലത്തിൽ ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിലെത്തി. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ കയറ്റുമതി നിരോധനം കൂടി ഏർപ്പെടുത്തിയതോടെയാണ് രാജ്യാന്തര വിപണിയിൽ ഗോതമ്പിന്റെ വില അഞ്ച് ശതമാനം ഉയർന്നത്. എന്നാല്‍, ഇന്ത്യയിൽ വില കുറഞ്ഞിട്ടുണ്ട്. ഗോതമ്പ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്പോൾ കയറ്റുമതി പുനരാരംഭിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.