രാമക്കല്‍മെട്ടില്‍ മദ്യപിച്ചെത്തിയ സഞ്ചാരികളും നാട്ടുകാരുമായി സംഘര്‍ഷം

0
88

നെടുങ്കണ്ടം: രാമക്കല്‍മെട്ടില്‍ മദ്യപിച്ചെത്തിയ സഞ്ചാരികളും നാട്ടുകാരുമായി സംഘര്‍ഷം. തമിഴ്‌നാട്ടില്‍നിന്നെത്തിയവരാണ് മദ്യപിച്ച് മേഖലയില്‍ സംഘര്‍ഷം ഉണ്ടാക്കിയത്. വിനോദസഞ്ചാര കേന്ദ്രത്തില്‍ മദ്യപിച്ചെത്തുന്നവര്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാകുന്നതോടെ പോലീസ് സേവനം ആവശ്യപ്പെട്ട് ഡി.ടി.പി.സി. ജീവനക്കാരും രംഗത്തുവന്നു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തമിഴ്‌നാട്ടില്‍നിന്ന് മദ്യപിച്ചെത്തിയ സഞ്ചാരികള്‍ നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍ മൂലമാണ് വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘര്‍ഷം പടരാതിരുന്നത്. ഈസമയം സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ സഞ്ചാരികള്‍ വിനോദസഞ്ചാരകേന്ദ്രത്തിന് ഉള്ളിലുണ്ടായിരുന്നു. മദ്യപരെ വണ്ടിയില്‍ കയറ്റി നാട്ടുകാരുടെ നേതൃത്വത്തില്‍ പറഞ്ഞുവിടുകയായിരുന്നു. രാമക്കല്‍മെട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പ്രധാന കാരണം പോലീസിന്റെ അഭാവമാണെന്ന് ഡി.ടി.പി.സി. ജീവനക്കാര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് രാമക്കല്‍മെട്ട് കേന്ദ്രമാക്കി സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് കാടുകയറിനശിക്കുകയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പോലീസുകാര്‍ക്ക് രാമക്കല്‍മെട്ടിലെത്തി ഡ്യൂട്ടി ചെയ്യുവാന്‍ മടിയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ആറോളം അടിപിടികേസുകളാണ് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളിലുണ്ടായത്.