തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിൽ ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്ററുകളെയും മെഡിക്കല്‍ കോളജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായ ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇ-കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിയിലൂടെ 30 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളുടെയും ജീവിതശൈലീ രോഗങ്ങള്‍ സംബന്ധിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ സംബന്ധിച്ചും വിവരശേഖരണം നടത്താന്‍ ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതി നടപ്പിലാക്കുക. അതിനുശേഷം ഘട്ടംഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ക്ഷേമ പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് സര്‍വതല സ്പര്‍ശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ ഒരു മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.