54 ദിവസം ദേശീയപാതാ നിർമ്മാണം മുടക്കി പെരുമ്പാമ്പ്;പണി നിർത്തി വെച്ച് ഊരാളുങ്കൽ സൊസൈറ്റി

0
227

കാഞ്ഞങ്ങാട്: രണ്ട് മാസത്തോളം കാസർകോട് നാലുവരി ദേശീയ പാത നിർമ്മാണത്തിന് തടസ്സമായത് ഒറ്റ പെരുമ്പാമ്പ്. ഊരാളുങ്കൽ സൊസൈറ്റി ആണ് 54 ദിവസം റോഡ് പണി നിർത്തിവെച്ചത്.കാസർകോട് നിർമ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിർമ്മാണമാണ് സൊസൈറ്റി നിർത്തിവച്ചത്. പെരുമ്പാമ്പ് മുട്ടയിട്ട് കിടന്നതായിരുന്നു നിർമ്മാണത്തിന് തടസ്സമായത്.

പാമ്പിന്റെ 24 മുട്ടകൾ വിരിയുന്നതിന് വേണ്ടി പണി നിർത്തിവെക്കുകയായിരുന്നു. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി. ’24 മുട്ടകളും വിരിഞ്ഞു. പതിനഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു. ഇനിയുള്ള ഒൻപതെണ്ണത്തിനെ ഉടൻ അയയ്‌ക്കുമെന്ന് പാമ്പു പിടുത്തക്കാരനായ അമീൻ വ്യക്തമാക്കി. പാമ്പിനെ മാറ്റാനായി ശ്രമിക്കുമ്പോഴാണ് മുട്ടകൾക്ക് അടയിരിക്കുകയാണ് എന്ന് വ്യക്തമായത്. തുടർന്ന് കാസർകോട് സ്വദേശിയും നേപ്പാൾ മിഥില വൈൽഡ് ലൈഫ് ട്രസ്റ്റിലെ വൈൽഡ് ലൈഫ് റിസർച്ച് ഹെഡ്ഡുമായ മവീഷ് കുമാറിനെ ബന്ധപ്പെടുകയായിരുന്നു അദ്ദേഹമാണ്, പാമ്പിനെ മാറ്റുന്നത് ശരിയല്ലെന്ന് പറഞ്ഞത്.

27 ഡിഗ്രി സെൽഷ്യസ് മുതൽ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയുന്നതിന് വേണ്ടത്. അമ്മ പാമ്പിന്റെ ചൂടു തന്നെ നിർബന്ധമാണ്.ഇതറിഞ്ഞതോടെ ഈ മേഖലയിലെ ജോലി ഊരാളുങ്കൽ സൊസൈറ്റി നിർത്തിവയ്‌ക്കുകയായിരുന്നു. 54-ാം ദിവസം മുട്ടകൾ വിരിഞ്ഞു തുടങ്ങി. മുട്ടകൾ വിരിഞ്ഞുതുടങ്ങിയാൽ അമ്മ പാമ്പിന്റെ സാന്നിധ്യം ഇല്ലെങ്കിലും പ്രശ്നമില്ല.അതിനാൽ പാമ്പിൻ കുഞ്ഞുങ്ങളെയും മുട്ടകളെയും മാറ്റുകയായിരുന്നു.