ആറുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

0
91

മുംബൈ: ആറുദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. നിഫ്റ്റി 15,850തിന് അടുത്തെത്തി.
സെന്‍സെക്‌സ് 180.22 പോയന്റ് ഉയര്‍ന്ന് 52,973.84ലിലും നിഫ്റ്റി 60.10 പോയന്റ് നേട്ടത്തില്‍ 15,842.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ കടപ്പത്ര ആദായം വര്‍ധിക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്.
വിപണിയിലെ സമ്മര്‍ദത്തിന്റെ പ്രധാനകാരണം മാസങ്ങളായി തുടരുന്ന ഈ പിന്മാറ്റമാണ്. എങ്കിലും ആഭ്യന്തര നിക്ഷേപകരുടെ ഇടപെടലാണ് ആശ്വാസം. കനത്ത ചാഞ്ചാട്ടം രൂപപ്പെട്ട വിപണിയില്‍ വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ കനത്ത വില്പന സമ്മര്‍ദം രൂപപ്പെട്ടു.
ഐഷര്‍ മോട്ടോഴ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എന്‍ടിപിസി, യുപിഎല്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. അള്‍ട്രടെക് സിമെന്റ്, ശ്രീ സിമെന്റ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിടുകയുംചെയ്തു.
ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, റിയാല്‍റ്റി, പവര്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ 1-3ശതമാനം ഉയര്‍ന്നു. ഐടി. എഫ്എംസിജി സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.