അമ്യൂസ്‌മെന്റ് പാർക്കുകളിലെ റൈഡുകളിൽ കയറാൻ ആവേശഭരിതരാകുന്ന നിരവധിയാളുകളുണ്ട്. എന്നാൽ അത്തരം റൈഡുകൾ ഭീതിപ്പെടുത്തുന്നതിനാൽ വേറെ ചില കൂട്ടർ തിരിഞ്ഞ് നോക്കാറുമില്ല. ഏറെ ജനപ്രീതി സൃഷ്ടിച്ച റോളർ കോസ്റ്ററുകളിൽ കയറാൻ ഇഷ്ടമുണ്ടെങ്കിലും ഭയം മൂലം മാറി നിൽക്കുന്നവരും വിരളമല്ല. എന്തെങ്കിലും കാരണവശാൽ റൈഡ് തകരാറിലാകുമോയെന്ന പേടിയാണ് അക്കൂട്ടർക്ക്. റൈഡിന് പെട്ടെന്ന് കേടുപാടു സംഭവിച്ചാൽ താഴെ വീണ് എല്ലൊടിയുമല്ലോയെന്ന് കരുതുന്നവരെ കൂടുതൽ പേടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ യുകെയിൽ നിന്നും വരുന്നത്.
യുകെയിലെ ബ്ലാക്ക് പൂൾ പ്ലെഷർ ബീച്ചിന് സമീപമുള്ള പ്രസിദ്ധമായ റോളർ കോസ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഏറെ ആവേശത്തോടെ റോളർ കോസ്റ്ററിൽ കയറിയ ആളുകൾ റൈഡ് സ്തംഭിച്ചതോടെ ആകാശത്ത് പെട്ടുപോകുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഏകദേശം 235 അടി ഉയരത്തിൽ നിന്നാണ് റോളർ കോസ്റ്റർ സ്തംഭിച്ചത്. ഇതോടെ ‘ത്രില്ലിനു’വേണ്ടി കയറിയവരെല്ലാം നിലവിളിച്ച് കരയാൻ തുടങ്ങി. തുടർന്ന് റൈഡിൽ ഇരുന്ന ഓരോരുത്തരും എഴുന്നേറ്റ് സ്‌റ്റെപ്പുകൾക്ക് സമാനമായ റൈഡിന്റെ കമ്പികളിലൂടെ നടന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബിഗ് വൺ എന്ന് അറിയപ്പെടുന്ന റൈഡ് ആണ് അനിയന്ത്രിതമായി പ്രവർത്തിച്ചത്. 1994 സ്ഥാപിതമായ ഈ റൈഡ് യുകെയിൽ മുഴുവൻ പ്രസിദ്ധിയാർജ്ജിച്ചതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയതും ചെങ്കുത്തായതുമായ റോളർ കോസ്റ്ററാണ് ബിഗ് വൺ എന്ന് അറിയപ്പെടുന്നു. ഇതാദ്യമായല്ല റോളർ കോസ്റ്റർ റൈഡ് അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞയാഴ്ച യുഎസിലെ അമ്യൂസ്‌മെന്റ് പാർക്കിൽ റോളർ കോസ്റ്റർ റൈഡ് ഇത്തരത്തിൽ തലകീഴായി സ്തംഭിച്ച് നിന്നിരുന്നു. 45 മിനിറ്റ് നേരമാണ് റൈഡ് ഇത്തരത്തിൽ നിന്നത്. അധികൃതരുടെ സമയോചിതമായ ഇടപെടലിൽ എല്ലാവരെയും രക്ഷിക്കുകയും ചെയ്തു.