ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി.
അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്റിങ് നിരക്കില്‍ പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്.
എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്.ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് അടിസ്ഥാന വായ്പാനിരക്കില്‍ എസ്ബിഐ വര്‍ധന വരുത്തുന്നത്.
മൂന്ന് മാസ കാലയളവുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 6.85 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 6.75 ശതമാനമായിരുന്നു. മൂന്ന് വര്‍ഷത്തെ വായ്പയുടെ എംസിഎല്‍ആര്‍ 7.50 ശതമാനമായാണ് ഉയര്‍ന്നത്. സമാനമായ നിലയില്‍ മറ്റു വായ്പകളുടെ പലിശനിരക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയത്. 40 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.40 ശതമാനമാണ് നിലവില്‍ റിപ്പോനിരക്ക്.