മഴക്കെടുതിയിൽ കേരളം: 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: 23 വീടുകൾ തകർന്നു; 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
105

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 14 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 117 കുടുംബങ്ങളിലെ 364 പേർ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. രണ്ട് വീടുകൾ പൂർണ്ണമായും 21 വീടുകൾ ഭാഗീകമായും തകർന്നു. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾക്ക് സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. ക്യാമ്പുകളിൽ 4,23,080 പേരെ പാർപ്പിക്കാനാകും. തിരുവനന്തപുരത്ത് എട്ടും ഇടുക്കിയിൽ മൂന്നും എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ക്യാമ്പും ആളുകളെ ഉൾക്കൊള്ളിച്ച് തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ ക്യാമ്പിൽ 91 കുടുംബങ്ങളുണ്ട്.

ഇവയിൽ 303 അംഗങ്ങളുമുണ്ട്. 121 പുരുഷന്മാരും 117 സ്ത്രീകളും 65 കുട്ടികളും. നേരത്തേ വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയെ തുടർന്ന് ആരംഭിച്ച ക്യാമ്പുകളാണിവ. എറണാകുളത്ത് ആലുവ, പെരുമ്പാവൂർ കളമശ്ശേരി, കൊച്ചി എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് വെള്ളക്കെട്ടിൽ മുങ്ങി. ഉദയാനഗർ കോളനി, കാരയ്‌ക്കമുറി എന്നിവിടങ്ങളിലും വെള്ളം കയറി. കളമശ്ശേരി, ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. 30 വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി.

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, പാലക്കാട് വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.