Thursday
18 December 2025
22.8 C
Kerala
HomeKeralaവൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി

കോഴിക്കോട്: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി. മുഖ്യപ്രതി ഷൈബിൻ അഷ്റഫിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മരക്കുറ്റിയിലെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയക്കും.

അതേസമയം തനിക്ക് മുന്‍കാലങ്ങളില്‍ ഒരു മുന്‍ പൊലീസ്യ ഉദ്യോഗസ്ഥന്‍ നിയമോപദേശം നല്‍കിയിരുന്നെന്ന് ഷൈബിന്‍ അഷ്റഫ് മൊഴി നല്‍കിയിരുന്നു. ഇയാള്‍ പൊലീസില്‍ എന്തെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ വയനാട് സ്വദേശിയായ ഈ മുന്‍ എസ്ഐയുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും സ്ഥലത്തുണ്ടായിരുന്നില്ല. 2019 ലാണ് മൈസൂർ സ്വദേശിയായ വൈദ്യൻ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂർ കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്‌റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടു വന്നത്.

മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരിൽ ചികിത്സാ കേന്ദ്രത്തിൽ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും മലപ്പുറം എസ്.പി സുജിത്ത് ദാസ് വ്യക്തമാക്കി. മൈസൂരിൽ കാണാതായ ഷാബാ ഷെരീഫ് തന്നെയാണ് നിലമ്പൂരിൽ കൊല്ലപ്പെട്ടതെന്ന് തെളിയിക്കുകയാണ് അന്വേഷണത്തിൽ പൊലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. വെട്ടിനുറുക്കി ചാലിയാറിലേക്ക് എറിഞ്ഞ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല എന്നതും കൊലപാതകം നടന്ന് രണ്ട് വർഷമാവുന്നു എന്നതും അന്വേഷണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും.

RELATED ARTICLES

Most Popular

Recent Comments