ഇനി മഴ കനക്കും; പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

0
56

തിരുവനന്തപുരം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പല ജില്ലകളിലും റെഡ് അലർട്ടും, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ശക്തമായ മഴ ഉണ്ടാക്കാനുള്ള സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുവാനും അത് വെള്ളപ്പൊക്കത്തിലേക്കു നയിക്കാനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ

1. പുഴകളിലും മറ്റു ജലാശയങ്ങളിലും വരും ദിവസങ്ങളിൽ യാതൊരു കാരണവശാലും ഇറങ്ങാൻ പാടുള്ളതല്ല. ഒഴുക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്.

2. കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവത്തോടെ നിരീക്ഷിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണം. ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.

3. കാറ്റിലും മഴയിലും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുണ്ട്. ശ്രദ്ധയിൽ പെട്ടാൽ ഉടനെ KSEB യുടെ 1912 എന്ന കണ്ട്രോൾ റൂം നമ്പറിൽ അറിയിക്കുക. അതിരാവിലെ ജോലിക്കോ മറ്റു ആവശ്യങ്ങൾക്കോ ഇറങ്ങുന്നവർ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈനുകൾ വീണു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.

4. ശബരിമലയിലെ മസാപൂജക്കായി ദർശനത്തിന് എത്തുന്നവർ മഴ മുന്നറിയിപ്പ് കൂടി പരിശോധിച്ച് ആവശ്യമായ ജാഗ്രതയോടെ ആയിരിക്കണം ദർശനത്തിന് എത്തുന്നത്. രാത്രി യാത്രകളും ജലശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.

5. മലയോര മേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും മഴ മുന്നറിയിപ്പ് ഒഴിവാകുന്നത് വരെ ഒഴിവാക്കുക.

6. വിനോദ സഞ്ചാരികൾ രാത്രി യാത്രകൾ ഒഴിവാക്കുകയും പരമാവധി താമസ സ്ഥലത്തു തുടരുകയും ചെയ്യണം. ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതും അനുമതി ഇല്ലാത്തതുമായ ഒരു സ്ഥലത്തും പോകാൻ പാടുള്ളതല്ല.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദിനന്തരീക്ഷാവസ്ഥയേയും ദുരന്ത സാധ്യതകളെയും സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമികളിലേക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.