രാജ്യത്തെ ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ‘പനി’യെ തുടര്‍ന്ന് 15 മരണം കൂടി സംഭവിച്ചതായി ഉത്തര കൊറിയ

0
68

സോള്‍: രാജ്യത്തെ ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ‘പനി’യെ തുടര്‍ന്ന് 15 മരണം കൂടി സംഭവിച്ചതായി ഉത്തര കൊറിയ. ആകെ 42 പേര്‍ മരിച്ചെന്നും 8,20,620 കേസുകള്‍ രാജ്യത്തുണ്ടെന്നും കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എ. അറിയിച്ചു. അതേസമയം, പുതിയ കേസുകളും മരണവും കോവിഡ് പോസിറ്റീവ് ആയവരുടേതാണോ അല്ലയോ എന്ന കാര്യം കെ.സി.എന്‍.എ. വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചുവെന്ന് പരമാധികാരി കിം ജോങ് ഉന്‍ നേരത്തെ പ്രതികരിച്ചിരുന്നു. മാത്രമല്ല, കോവിഡിനെ പ്രതിരോധിക്കാന്‍ ദേശവ്യാപക ലോക്ഡൗണ്‍ ആണ് ഉത്തര കൊറിയയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരകൊറിയയിലെ എല്ലാ പ്രവിശ്യകളും സിറ്റികളും കൗണ്ടികളും പൂര്‍ണമായും അടച്ചിരിക്കുകയാണ്. കൂടാതെ, തൊഴില്‍ യൂണിറ്റുകളും ഉത്പാദനകേന്ദ്രങ്ങളും പാര്‍പ്പിടകേന്ദ്രങ്ങളും ലോക്ഡൗണിലാണെന്നും കെ.സി.എന്‍.എ. പറയുന്നു.
അതേസമയം, രോഗവ്യാപനം തടയാനുള്ള പരമാവധി ശ്രമങ്ങള്‍ നടത്തിയിട്ടും ഉത്തരകൊറിയയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. വ്യാഴാഴ്ചയായിരുന്നു രാജ്യത്ത് ആദ്യമായി കോവിഡ് സാന്നിധ്യം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം, ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിലായിരുന്നു സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് ദേശവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും.
അതീവ ദുര്‍ബല ആരോഗ്യസംവിധാനമാണ് ഉത്തര കൊറിയയിലേത്. കോവിഡ് വാക്‌സിനുകളോ ആന്റി വൈറല്‍ മരുന്നുകളോ വിപുലമായ പരിശോധനാ സംവിധാനമോ ഇവിടെയില്ല. നേരത്തെ ചൈനയില്‍നിന്നും ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് സ്‌കീമില്‍നിന്നുമുള്ള വാക്‌സിന്‍ വാഗ്ദാനങ്ങള്‍ ഉത്തര കൊറിയ നിരസിച്ചിരുന്നു. എന്നാല്‍ ചൈനയും ദക്ഷിണ കൊറിയയും സഹായ-വാക്‌സിന്‍ വാഗ്ദാനങ്ങളുമായി വീണ്ടും എത്തിയിട്ടുണ്ട്.