ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം അതി തീവ്രം; 4 ജില്ലകളിൽ റെഡ് അലേർട്ട്

0
121

ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിലും, പഞ്ചാബിലും ഓറഞ്ച് അലേർട്ടാണ്. 1951ന് ശേഷം ഡൽഹി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ കടന്നുപോകുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ വെട്ടി വിയർക്കുകയാണ്. ഡൽഹിയിലെ സഫ്ദർജംഗിൽ ഇന്ന് 45 ഡിഗ്രിക്കും മുകളിൽ താപനില കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ വേനൽക്കാലത്തെ അഞ്ചാമത്തെ ഉഷ്ണ തരംഗമാണ് രാജ്യതലസ്ഥാനത്ത് ഇപ്പോൾ കടന്നു പോകുന്നത്. രാജസ്ഥാനിലെ 23 നഗരങ്ങളിൽ 44 ഡിഗ്രിക്കും മുകളിലാണ് ഇന്നലെ താപനില രേഖപ്പെടുത്തിയത്.

ശ്രീഗംഗ നഗർ, ഹനുമാൻ ഗഡ്, ബിക്കാനേർ, ചുരു ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജയ്‌സാൽമേർ അടക്കം 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിൽ ഗുരുഗ്രാമിലാണ് കൂടുതൽ ചൂട്. ജമ്മു കശ്മീരിലും ഊഷ്മാവ് ഉയരുകയാണ്. മഹാരാഷ്ട്രയിലെ വിദർഭ, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.