ഇങ്ങനെ പോയാൽ ബോളിവുഡ് ഓ.ടി.ടിക്ക് വേണ്ടി മാത്രമായി സിനിമയെടുക്കേണ്ടിവരും -രാം ​ഗോപാൽ വർമ

0
107

ദക്ഷിണേന്ത്യൻ സിനിമകൾ ബോളിവുഡ് ബോക്സ് ഓഫീസിൽ സ്ഥാപിക്കുന്ന ആധിപത്യത്തേക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ രാം ​ഗോപാൽ വർമ. തെന്നിന്ത്യൻ സിനിമകൾ മുന്നേറ്റമുണ്ടാക്കുന്നുവെന്നും ബോളിവുഡ് സിനിമകൾക്ക് അങ്ങനെയൊന്ന് സംഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ബോളിവുഡ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി മാത്രമായി സിനിമയെടുക്കേണിവരുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കെ.ജി.എഫ്- ചാപ്റ്റർ 2 ന്റെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ നാനൂറ് കോടിയും കടന്ന് ജൈത്രയാത്ര തുടരുന്ന അവസരത്തിലാണ് ആർ.ജി.വിയുടെ ഈ പ്രതികരണം.
ഒരു വലിയ ഇരുണ്ട മേഘം മറ്റെല്ലാ വമ്പൻ സിനിമകൾക്കും മേൽ ലോകാവസാനദിന നിഴൽ വീഴ്ത്തുന്നത് പോലെയാണ് കെ.ജി.എഫിന്റെ മുന്നേറ്റമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും താര സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഴയ ഫാഷനിലുള്ള വമ്പന്മാരെ വിഴുങ്ങുന്ന മണൽക്കുഴിയാണ് കെ.ജി.എഫ് 2 എന്നാണ് മറ്റൊരു ട്വീറ്റിൽ സംവിധായകൻ പറഞ്ഞിരിക്കുന്നത്.
നേരത്തേയും സമാനരീതിയിൽ അ​ദ്ദേഹം ദക്ഷിണേന്ത്യൻ സിനിമകളേയും ബോളിവുഡ് സിനിമകളേയും താരതമ്യം ചെയ്തിട്ടുണ്ട്. തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നുമാണ് അന്ന് രാം​ഗോപാൽ വർമ പറഞ്ഞത്.