സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിശക്ത മഴയ്ക്ക് സാധ്യത

0
163

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അലർട്ടിൽ വീണ്ടും മാറ്റം. രണ്ട് ജില്ലകളില്‍ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷം കടന്നുവരുന്നതിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്‍റെ ഗതി മാറുന്നതും അറബിക്കടലിൽ നിന്നും മേഘങ്ങൾ കേരളത്തിന് മുകളിലേക്ക് എത്തുന്നതും ശക്തമായ മഴയ്ക്ക് വഴിയൊരുക്കും. നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന്‍റെ തീരദേശപാതിയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.

ഇക്കുറി പതിവിലും നേരത്തെ കാലവർഷം കേരളത്തിലെത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും വിവിധ കാലാവസ്ഥാ ഏജൻസികളും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും പ്രവചിക്കുന്നത്. കേരളത്തിൽ കാലവർഷം മെയ്‌ 27 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് 4 ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള ( model error )സാധ്യതയുമുണ്ട്. സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റിന്‍റെ പ്രവചനപ്രകാരം കേരളത്തിൽ മെയ്‌ 26  കാലവർഷം എത്തിച്ചേരാനാണ് സാധ്യത.