താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറന്ന് പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളി

0
68

ലഖ്‌നൗ: താജ്മഹലിലെ അടച്ചിട്ട 20 മുറികള്‍ തുറന്ന് പരിശോധന നടത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളി. താജ്മഹലിന്റെ ചരിത്രം അറിയാന്‍ പഠനം നടത്താന്‍ ഉത്തരവിടണമെന്ന ആവശ്യവും കോടതി തള്ളി. പൊതുതാത്പര്യ ഹര്‍ജികള്‍ നല്‍കാനുള്ള അവകാശത്തെ പരിഹാസ്യമാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.
താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ വരെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ എല്ലാ ദുരൂഹതകളും മാറ്റാന്‍ സമഗ്രമായ ചരിത്ര പഠനത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. താജ്മഹലിലെ അടച്ചിട്ട ഇരുപത് മുറികളില്‍ ശിവക്ഷേത്രം ആയിരുന്നുവെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നു. അതിനാല്‍ ഇത് സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ കോടതിക്ക് ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ഡി.കെ.ഉപാധ്യായ, സുബാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ ആദ്യം എംഎയ്ക്ക് ചേരണം. തുടര്‍ന്ന് ജെആര്‍എഫ് കിട്ടാന്‍ ശ്രമിക്കണം. ഈ വിഷയത്തില്‍ പിഎച്ച്ഡി ചെയ്യണം. അതിന് ഏതെങ്കിലും യൂണിവേഴ്‌സിറ്റി അനുമതി നല്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാരന് കോടതിയെ സമീപിക്കാവുന്നത് ആണെന്നും ബെഞ്ച് പറഞ്ഞു.
ഇത്തരം ചര്‍ച്ചകള്‍ വീട്ടിലെ സ്വീകരണ മുറികളില്‍ ആകാം. കോടതിയിലാകരുതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. തര്‍ക്കം സംബന്ധിച്ച് ആഗ്ര കോടതിയില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ കാരണങ്ങളാലാണ് അടച്ചിട്ട മുറികള്‍ തുറക്കാന്‍ കഴിയാത്തത് എന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിലപാട്.