സൌജന്യമായി ലഭിക്കുന്ന ഭക്ഷണത്തിന് വേണ്ടി അടി കൂടുന്ന അധ്യാപകർ; സംഭവം വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ചർച്ചയ്ക്കിടെ

0
78

ദില്ലി: സൌജന്യമായി ലഭിക്കുന്ന ഭക്ഷണത്തിന് വേണ്ടി അടി കൂടുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പഞ്ചാബിലെ ഒരു റിസോർട്ടിൽ സ്‌കൂൾ അധ്യാപകരും പ്രിൻസിപ്പൽമാരും മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം വിതരണം ചെയ്ത സൌജന്യ ഭക്ഷണത്തിനായാണ് അധ്യാപകർ തമ്മിൽ സംഘർഷമുണ്ടായത്.
ഉച്ചഭക്ഷണം കഴിക്കാൻ പ്ലേറ്റ് എടുക്കാൻ അധ്യാപകർ തമ്മിൽ തിക്കും തിരക്കും കൂട്ടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിന് അവരിൽ നിന്ന് നിർദ്ദേശങ്ങൾ ആരായാൻ ആണ് സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തത്.
എന്നാൽ യോഗം അവസാനിച്ചയുടൻ അധ്യാപകർ ഡൈനിംഗ് ഹാളിലേക്ക് നീങ്ങി, അവർ പ്ലേറ്റുകൾ എടുക്കാൻ ചുറ്റും കൂടിനിൽക്കുകയും പരസ്പരം തിരക്കുകൂട്ടി തർക്കത്തിലേർപ്പെടുകയുമായിരുന്നു. റിസോർട്ടിലെ ജീവനക്കാരനെന്ന് തോന്നിക്കുന്ന സ്യൂട്ട് ധരിച്ച ഒരാൾ പെട്ടെന്ന് പ്ലേറ്റുകൾ ഒരു മൂലയിലേക്ക് മാറ്റി. പിന്നീട് ഓരോന്നായി വിതരണം ചെയ്യാൻ തുടങ്ങി.
അവർക്കെല്ലാം വിശക്കുന്നുണ്ടാകും എന്നതിനാൽ ഭക്ഷണം എപ്പോഴാണ് വിളമ്പിയതെന്ന് ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് താഴെ ചിലർ ചോദിച്ചു. ചിലർ കളിയാക്കി. അധ്യാപകർക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകണമെന്ന് പ്രതികരിച്ചു.
യോഗസ്ഥലത്തേക്ക് അധ്യാപകർക്ക് എത്താൻ പഞ്ചാബ് സർക്കാർ എയർ കണ്ടീഷൻഡ് ബസുകൾ ഏർപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള അധ്യാപകരുടെ നിർദ്ദേശങ്ങൾ കേൾക്കുന്നതിനാണ് യോഗം വിളിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഗുർമീത് സിംഗ് മീത് ഹയർ പറഞ്ഞു.