‘ചീത്തപ്പേരുണ്ട്, വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല’; കങ്കണ

0
53

ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും കങ്കണയെ തേടി എത്തിയിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് മുഖം നോക്കാതെ തന്റെ നിലപാട് അവതരിപ്പിക്കുന്ന ചുരുക്കം ചിലരിൽ ഒരാളുകൂടിയാണ് കങ്കണ. താനൊരു വഴക്കാളിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പറയുകയാണ് നടി. ഇക്കാരണം കൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും തമാശരൂപേണ കങ്കണ പറയുന്നു.

തന്റെ പുതിയ ചിത്രമായ ധമാക്കയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം. യഥാർത്ഥ ജീവിതത്തിൽ ടോം ബോയ് ആണോ, ആരെയെങ്കിലും മർദ്ദിക്കുമോ എന്ന ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. “ആൺകുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികൾ പലരും പറഞ്ഞു പരത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ കഠിനഹൃദയയാണെന്നാണ് എല്ലാവരും കരുതുന്നത്” എന്നും കങ്കണ പറയുന്നു.

റസ്നീഷ് ഘായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധക്കഡ്. ഈ മാസം 20ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായിട്ടാണ് കങ്കണ വേഷമിട്ടിരിക്കുന്നത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.