തർക്കങ്ങൾ തീർന്നു ; ജിന്ന് തീയറ്ററിലേക്ക്

0
87

ചെന്നൈ: സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന് ’ എന്ന മലയാളസിനിമയ്ക്ക് മദ്രാസ് ഹൈക്കോടതി പ്രദർശനാനുമതി നൽകി. ഇതിന്റെ നിർമാതാക്കളായ സ്‌ട്രെയ്‌റ്റ്‌ലൈറ്റ് സിനിമാസിനെതിരേ തമിഴിലെ ഡ്രീം വോരിയർ പിക്‌ചേഴ്‌സ് നൽകിയ കേസിനെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം മുടങ്ങിയിരിക്കുകയായിരുന്നു.
കാർത്തിയെ നായകനാക്കി ഡ്രീം വോരിയർ പിക്‌ചേഴ്‌സ് നിർമിച്ച ‘കൈദി’ എന്ന തമിഴ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്‌ട്രെയ്‌റ്റ്‌ലൈറ്റ് സിനിമാസിനായിരുന്നു. വൻ വിജയമായ കൈദിയുടെ പ്രദർശനത്തിൽനിന്നുള്ള ലാഭവിഹിതം നൽകിയില്ലെന്നു പറഞ്ഞാണ് ഡ്രീം വോരിയർ പിക്‌ചേഴ്‌സ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് 2020 നവംബറിലാണ് ജിന്നിന്റെ പ്രദർശനം മദ്രാസ് ഹൈക്കോടതി തടഞ്ഞത്. പണമിടപാടുകളിൽ രണ്ട് നിർമാണസ്ഥാപനങ്ങളും തമ്മിൽ ധാരണയിലെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി പ്രദർശനാനുമതി നൽകിയത്.
സൗബിനെക്കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ തുടങ്ങിയവർ അഭിനയിക്കുന്ന ജിന്ന് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമെന്ന് വിതരണക്കാർ അറിയിച്ചു.