ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നിനിടെ മലയാളിയായ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍

0
110

ന്യൂഡല്‍ഹി; ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നിനിടെ മലയാളിയായ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിധി പ്രസ്താവത്തിനിടെ അദ്ദേഹം നടത്തിയ നിരീക്ഷണമാണ് വിവാദത്തിന് വഴിവെച്ചത്.

‘ചില സന്ദര്‍ഭങ്ങളില്‍ ഭാര്യ താത്പര്യം കാണിക്കാതിരിക്കുമ്പോള്‍ ഭര്‍ത്താവ് ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചേക്കാം. ഇതേ അനുഭവമാണോ അപരിചിതനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്കുണ്ടാവുന്നത്? ഒരല്‍പം ഔചിത്യമുണ്ടെങ്കില്‍ ഇത് രണ്ടും ഒരുപോലെയാണെന്ന് പറയാന്‍ സാധിക്കുമോ?’ – എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

ജസ്റ്റിസ് ഹരിശങ്കറിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങളാണുയരുന്നത്. ‘ബഹുമാനപ്പെട്ട ജസ്റ്റിസ്, നിര്‍ബന്ധിക്കുന്നത് ഭര്‍ത്താവോ അപരിചിതനോ ആയിക്കൊള്ളട്ടെ, അതിന്റെ അനുഭവം, പുറത്ത് വരുന്ന രോഷം, അനാദരവ് എല്ലാം ഒരു പോലെ ആയിരിക്കും. അത് ഭാര്യയായാലും ഏതു സ്ത്രീയായാലും .നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളോട് ചോദിക്കൂ. നന്ദി.” എന്നാണ് ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവ് ജയ്‌വീര്‍ ഷെര്‍ഗിലും ജഡ്ജിയുടെ നിരീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.’ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് ഹരിശങ്കറിന്റെ ഭിന്നവിധിയോട് വിയോജിക്കുന്നു. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം, സ്വന്തം ശരീരത്തിൻമേലുള്ള സ്ത്രീകളുടെ അവകാശം, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവ ‘വിവാഹം’ എന്ന സ്ഥാപനവൽക്കരണത്തിനും മുകളിലാണ്. സുപ്രീം കോടതി നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.’- അദ്ദേഹം ട്വീറ്റ് ചെയ്തു

ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഭിന്നവിധി വന്നത് കഴിഞ്ഞ ദിവസമാണ്. രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ രാജീവ് ശക്ധറും ജസ്റ്റിസ് സി. ഹരിശങ്കറുമാണ് വ്യത്യസ്ത വിധി പുറപ്പെടുവിച്ചത്. ഭര്‍തൃ ബലാത്സംഗത്തിന് നല്‍കുന്ന ഇളവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജിവ് ശക്ധര്‍ വിധി പറഞ്ഞപ്പോള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നായിരുന്നു മലയാളിയായ സി. ഹരിശങ്കറുടെ വിധി. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു

വിവാഹ പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് ബലാത്സംഗക്കേസുകളിലെ പരിധിയില്‍നിന്ന് ഇളവ് അനുവദിക്കുന്ന ഐ.പി.സിയിലെ 375 (2) ഭരണഘടനാ വിരുദ്ധമെന്നാണ് ജസ്റ്റിസ് രാജിവ് ശക്ധര്‍ വ്യക്തമാക്കിയത്. ഭിന്നവിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക് പോകുമെന്നാണ് വിവരം. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല .

നിയമനിര്‍മ്മാണ സഭയുടെ ശബ്ദം ജനങ്ങളുടെ ശബ്ദമാണ്. ഭാര്യയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നത് ബലാത്സംഗത്തിന് തുല്യമാണെന്ന് ഹര്‍ജിക്കാരന് തോന്നുന്നുവെങ്കില്‍ അവര്‍ പാര്‍ലമെന്റിനെ സമീപിക്കണമെന്നും ജസ്റ്റിസ് ഹരിശങ്കര്‍ പറഞ്ഞു.

വിശേഷവും സങ്കീര്‍ണതസ്വഭാവവുമുള്ള വിവാഹ ബന്ധത്തില്‍, ‘ബലാത്സംഗം’ എന്ന ആരോപണത്തിന് സ്ഥാനമില്ലെന്നും ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിയനിര്‍മ്മാണസഭയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു

ലൈംഗിക, പ്രത്യുല്‍പാദനപരമായ തിരഞ്ഞെടുപ്പിനുള്ള സ്ത്രീയുടെ അവകാശങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും 200 പേജുള്ള വിധിയില്‍ ജസ്റ്റിസ് ഹരിശങ്കര്‍ പറയുന്നു. ഭാര്യയായാലും അല്ലെങ്കിലും ഒരു സ്ത്രീക്ക് സമ്പൂര്‍ണ്ണ ലൈംഗിക അവകാശം നല്‍കുന്നതില്‍ ജസ്റ്റിസ് ശങ്കര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.