2ാംപിണറായി സർക്കാരിന്റെ വാർഷികം; വികസനത്തിൽ വൻകുതിപ്പെന്ന് സർക്കാർ

0
90

തിരുവനന്തപുരം: കേരളവികസനത്തിൽ (kerala progress)വൻ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സർക്കാർ (2nd pinarai govt)ഒന്നാം വാർഷികം(first anniversary) ആഘോഷിക്കുന്നത്. പ്രളയവും കൊവിഡും തീർത്ത പ്രതിസന്ധികൾ മറികടന്ന് സമാനതകളില്ലാത്ത വികസനം കൈവരിക്കാനായെന്നാണ് സര്‍ക്കാരിന്‍റെ അവകാശ വാദം. എന്നാല്‍ ക്രമസമാധാന രംഗത്തെ തകര്‍ച്ചയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കേരളത്തിന്‍റെ നിറം കെടുത്തിയെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. ലൈഫ് പദ്ധതി ആറ് വര്‍ഷം പിന്നിടുന്പോഴും സംസ്ഥാനത്ത് ആറ് ലക്ഷത്തോളം മനുഷ്യര്‍ ഭവന രഹിതരാണെന്ന കണക്കുകളും പുറത്തുവരികയാണ്.
ചരിത്രം സൃഷ്ടിച്ച തുടര്‍വിജയത്തിന്‍റെ തിളക്കവുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാര്‍ ആദ്യ വര്‍ഷം പിന്നിടുന്നത് കാര്യമായ വെല്ലുവിളികളില്ലാതെ. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷവുമായി താരതമ്യം ചെയ്യുന്പോള്‍ മന്ത്രിമാരുടെ രാജിയോ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദങ്ങളോ ഇല്ല. ക്യാപ്റ്റനു കീഴില്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന മന്ത്രിസഭയും സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്ന പാര്‍ട്ടിയും. നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ച് തുടര്‍ഭരണത്തിന് തുടക്കമിട്ട സര്‍ക്കാര്‍ ഒന്നാം വാര്‍ഷിക വേളയില്‍ അവതരിപ്പിക്കുന്നത് വികസന നേട്ടങ്ങളുടെ വന്‍ പട്ടിക.
നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണിന് പലിശരഹിത വായ്പ, കെഡിസ്ക് വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍, കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് 200കോടി രൂപയുടെ ധനസഹായം തുടങ്ങിയവയായിരുന്നു ആദ്യ നൂറുദിന പ്രഖ്യാപനത്തിന്‍റെ ഹൈലൈറ്റ്. കൂടുതല്‍പേര്‍ക്ക് പട്ടയങ്ങള്‍, കെഫോണ്‍ പദ്ധതിയിലെ കുതിപ്പ്, കൂടംകുളം-കൊച്ചി വൈദ്യുത ഇടനാഴി, കൊച്ചി-ബാംഗ്ളൂര്‍ വ്യവസായ ഇടനാഴി, കൊച്ചി വാട്ടര്‍മെട്രോ തുടങ്ങി ഒരു പറ്റം പദ്ധതികളും ആദ്യ വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നു. ലൈഫ് പദ്ധതിക്കു കീഴില്‍ ഇതിനോടകം പൂര്‍ത്തീകരിച്ച രണ്ടരലക്ഷത്തോളം വീടുകളുടെ കണക്കും ഒപ്പമുണ്ട്.
ചരിത്രം കുറിച്ച വമ്പന്‍ വിജയത്തിന്‍റെ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍. വിമര്‍ശകര്‍ക്കോ വിവാദങ്ങള്‍ക്കോ ഇനി സര്‍ക്കാരിനെ തൊടാനാകില്ലെന്ന വ്യാഖ്യാനം ജനവിധിയില്‍ നിന്ന് സര്‍ക്കാര്‍ വായിച്ചെടുത്തതോടെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. കെറെയിലിലും ലോകായുക്തയിലും സര്‍വകലാശാല നിയമനങ്ങളിലുമെല്ലാം ഇത് പ്രകടമായി.
ഗവര്‍ണറുമായുളള പോരാകട്ടെ സമാനതകളില്ലാത്ത കാഴ്ചയുമായി. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതിക്കായുളള ശ്രമങ്ങള്‍ക്കിടെ കിറ്റക്സ് സംസ്ഥാനം വിട്ടത് കല്ലുകടിയായി. എല്ലാം മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചായതോടെ മന്ത്രിമാര്‍ നടത്തിപ്പുകാരുടെ റോളിലേക്ക് ചുരുങ്ങി.
ആദ്യ പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വര്‍ഷവുമായി താരതമ്യം ചെയ്യുന്പോള്‍ ക്രമസമാധാന രംഗത്തടക്കം സംസ്ഥാനം പിന്നോക്കം പോയെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. 2016ല്‍ സംസ്ഥാനത്ത് 305 കൊലപാതകങ്ങളായിരുന്നു നടന്നതെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലപ്പെട്ടത് 337പേര്‍. ഇതില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍. പാലക്കാടും ആലപ്പുഴയിലും ആളിപ്പടര്‍ന്നതാകട്ടെ വര്‍ഗ്ഗീയ സ്വഭാവമുളള സംഘര്‍ഷങ്ങളും. എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയ്ക്കെതിരെ ചെറു വിമര്‍ശനം പോലും മുന്നണിയിലോ പാര്‍ട്ടിയിലോ ഇല്ലെന്നതും തുടര്‍ഭരണകാലത്തെ പ്രത്യേകത.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ലൈഫ് പദ്ധതിക്ക് കീഴില്‍ രണ്ടരലക്ഷത്തോളം പേര്‍ക്ക് വീട് നല്‍കിയെന്ന കണക്കുകള്‍ക്കിടെയാണ് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ആറ് ലക്ഷത്തോളം പേരുടെ കണക്ക് പുറത്ത് വരുന്നത്. ഇതില്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് അപേക്ഷ നല്‍കിയവരാണ് ഒരു ലക്ഷത്തോളം പേര്‍. പുതുതായി അപേക്ഷ നല്‍കിയവരുടെ അന്തിമ കണക്ക് ഉടന്‍ പുറത്തുവിടാനൊരങ്ങുകയാണ് ലൈഫ് മിഷന്‍. കുടുംബശ്രീ നടത്തിയ വിവരശേഖരണം അനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്ത അഭ്യസ്തവിദ്യരായ 17.5 ലക്ഷത്തോളം തൊഴില്‍ രഹിതര്‍ കേരളം എവിടെ നില്‍ക്കുന്നു എന്നതിന്‍റെ മറ്റൊരു തെളിവുകൂടിയാണ്.