തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു; ഞായറാഴ്ച നടക്കും

0
50

തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ ഞായറാഴ്ച വൈകിട്ട് നടത്തുമെന്നാണ് താൽകാലികമായി തീരുമാനിച്ചിരിക്കുന്നത്. പകൽ പൂരത്തിന് ശേഷം മഴ തോർന്നതിനാൽ വെടിക്കെട്ട് നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഞ്ച് മണിയോടെ വീണ്ടും മഴ ശക്തമാകുകയായിരുന്നു.

വൈകീട്ട് ഏഴ് മണിയോടെയായിരുന്നു വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ നിർദേശത്തെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് നടത്താമെന്ന താൽകാലിക തീരുമാനത്തിലേക്ക് ദേവസ്വം അധികൃതരെത്തിയത്. കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ വെടിക്കെട്ട് വീണ്ടും നീണ്ടുപോയേക്കാം.

തൃശൂർ പൂരം ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വെടിക്കെട്ട്. പൂരപ്രേമികളിൽ വെടിക്കെട്ട് ആസ്വാദകർ എന്ന പ്രത്യേക വിഭാഗം പോലുമുള്ളതിനാൽ വെടിക്കെട്ടിന് കാത്തിരിക്കുന്നവർ അനവധിയാണ്. ഇന്നലെ മഴയെ തുടർന്ന് വെടിക്കെട്ട് മാറ്റിവെച്ചപ്പോൾ നഗരത്തിലെത്തിയ പതിനായിരക്കണക്കിന് വെടിക്കെട്ട് ആസ്വാദകരാണ് നിരാശരായി മടങ്ങിയത്. ഇതാദ്യമായല്ല പൂരത്തിന് വെടിക്കെട്ട് മാറ്റിവെക്കേണ്ടി വരുന്നത്. കാലാവസ്ഥ മോശമായ സാഹചര്യങ്ങളിൽ പലതവണ ഇത്തരത്തിൽ മാറ്റിവെക്കേണ്ട സ്ഥിതിയുണ്ടായിട്ടുണ്ട്. തുടർന്ന് പിന്നീടുള്ള ദിവസങ്ങളിൽ നടത്തുകയാണ് പതിവ്.