മൂലക്കുരുവിന് ഒറ്റമൂലി: വൈദ്യനെ കൊല്ലാൻ കാരണം പണക്കൊതി, ഒരു വർഷത്തോളം മുറിയിൽ പൂട്ടിയിട്ടു, ക്യാമറയിൽ നിരീക്ഷിച്ചു, കൊലപാതകം ചുരുളഴിഞ്ഞതിങ്ങനെ

0
110

നിലമ്പൂരിൽ നാട്ടുവൈദ്യൻ ഷാബ ഷെരീഫിനെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നത് ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. സംഭവത്തിൽ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളാണ് പോലീസ് ഇന്ന് പുറത്തുവിട്ടത്. പ്രതികൾക്കിടയിലുണ്ടായ സാമ്പത്തിക തർക്കവും പ്രതികാരവുമാണ് ഒന്നരവർഷം മുൻപ് നാമാവശേഷമായ ക്രൂരകൊലപാതകം പുറത്തുവരാൻ കാരണം. മൃതദേഹം വെട്ടിമുറിച്ചത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ചെന്നാണെന്നാണ് പോലീസ് കണ്ടെത്തൽ. കവർച്ചാ കേസിലെ പരാതിക്കാരനായി പോലീസ് സ്‌റ്റേഷനിലെത്തിയ ഷൈബിൻ അഷ്‌റഫ് ആണ് കൊലക്കേസിലെ മുഖ്യപ്രതിയായി മാറിയിരിക്കുന്നത്.

കേസിൽ ഷൈബിനൊപ്പം മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൈബിന്റെ മാനേജർ ശിഹാബുദ്ദീൻ, നൗഷാദ്, നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റമൂലി രഹസ്യത്തിന് വേണ്ടി ഷാബ ഷെരീഫിനെ, ഷൈബിൻ മർദ്ദിക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട ഷാബ ഷെരീഫിനെ ദൃശ്യങ്ങളിൽ നിന്നും മൈസൂരിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 2019ലായിരുന്നു സംഭവത്തിന്റെ തുടക്കം. മൈസൂരുവിലെ രാജീവ് നഗറിൽ ചികിത്സ നടത്തിയിരുന്ന ഒരു നാട്ടുവൈദ്യനായിരുന്നു ഷാബാ ഷെരീഫ്. മൂലക്കുരുവിനുള്ള മരുന്ന് തേടിയാണ് എല്ലാവരും ഷെരീഫിനെ സമീപിക്കാറുള്ളത്. അങ്ങനെയാണ് ഷൈബിനും സമീപിക്കുന്നത്. ഷെരീഫിന്റെ ചികിത്സാ രീതിയെ കുറിച്ച് ഷൈബിൻ നേരത്തെ മനസിലാക്കിയിരുന്നു. പിന്നീട് ഇയാളിൽ നിന്നും എങ്ങനെയും ഒറ്റമൂലി രഹസ്യം കണ്ടെത്തണം എന്നതായി ഷൈബിന്റെ ശ്രമം. ഇതിലൂടെ പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം.

മൈസൂരിൽ ലോഡ്ജിൽ കിടക്കുന്ന ഒരു വയോധികനെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് ഷെരീഫിന്റെ അടുത്തെത്തിയ ഷൈബിന്റെ കൂട്ടാളികൾ ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. യാത്രയ്‌ക്കിടെയുള്ള വഴിയിൽ ഷൈബിനും മറ്റുള്ളവരും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇവർ ബലം പ്രയോഗിച്ച് ഷെരീഫിനെ നിലമ്പൂരിലെ വീട്ടിലെത്തിച്ചു. പിന്നീട് ഷെരീഫിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കി മുറിയിലിട്ട് പൂട്ടി. ക്രൂരമർദ്ദനമേറ്റിട്ടും ഷെരീഫ് ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്തിയില്ല. ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയിലെ പ്രത്യേക മുറിയിലാണ് ഷെരീഫിനെ പൂട്ടിയിട്ടത്. ഒരു ചെറിയ മുറിയിൽ കിടക്കയും എസിയും ടോയ്‌ലെറ്റും സജ്ജമായിരുന്നു. കിടക്കിയുടെ തൊട്ടടുത്താണ് പ്രാഥമിക കൃത്യങ്ങൾക്കായി ക്ലോസറ്റ് നിർമ്മിച്ചിരുന്നത്. സിസിടിവിയും സ്ഥാപിച്ചിരുന്നു. 2020ൽ മർദ്ദനം തുടരുന്നതിനിടെയാണ് ഷെരീഫ് മരിച്ചു വീഴുന്നത്.