Wednesday
17 December 2025
30.8 C
Kerala
HomeKeralaമൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി വൈദ്യനെ കൊന്ന് ചാലിയാറില്‍ തള്ളി

മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി വൈദ്യനെ കൊന്ന് ചാലിയാറില്‍ തള്ളി

കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ കൊലപാതകക്കേസില്‍ ഒന്നാം പ്രതി. സുഹൃത്തുക്കള്‍ വീട്ടില്‍ മോഷണം നടത്തിയെന്നു പരാതിപ്പെട്ട നിലമ്പൂര്‍ മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണ് കുടുങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനെ ഇയാള്‍ ഒരുവര്‍ഷത്തിലേറെ വീട്ടില്‍ തടവിലിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളിയതായി പൊലീസിനു വിവരം ലഭിച്ചു. വീട്ടില്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ, ഇയാളുടെ സുഹൃത്തുക്കള്‍കൂടിയായ പ്രതികള്‍തന്നെയാണ് കൊലപാതകവിവരം പൊലീസിനോടു വെളിപ്പെടുത്തിയത്.
മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി നാട്ടുവൈദ്യന്‍ ഷാബാ ശെരീഫിനെ (60) 2019 ഓഗസ്റ്റില്‍ ഷൈബിന്‍ തട്ടിക്കൊണ്ടുവന്നു. മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ. ഒറ്റമൂലി മനസ്സിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം. തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. ഒരുവര്‍ഷത്തിലേറെ പീഡിപ്പിച്ചിട്ടും ഷാബാ രഹസ്യം വെളിപ്പെടുത്തിയില്ല. 2020 ഒക്ടോബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടു. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പൊലീസ് പറയുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം മുറിച്ച് കഷണങ്ങളാക്കിയത്.
പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാഞ്ഞിട്ടാണെന്നു പറയുന്നു, ഇയാളുടെ വീട്ടില്‍നിന്ന് സുഹൃത്തുക്കള്‍ കവര്‍ച്ച നടത്തി. ഇതിനെതിരേ ഏപ്രില്‍ 24-ന് ഷൈബിന്‍ നിലമ്പൂര്‍ പൊലീസില്‍ പരാതിനല്‍കി. ഈ കേസില്‍ നൗഷാദിനെ പോലീസ് അറസ്റ്റുചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ പ്രതികള്‍ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി.
”നീതി കിട്ടുന്നില്ല, ഞങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ട്” എന്നു പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. ഇവരെ കസ്റ്റഡിയിലെടുത്ത കന്റോണ്‍മെന്റ് പൊലീസ്, നിലമ്പൂര്‍ പൊലീസിന് കൈമാറി. ഇവരെയും നൗഷാദിനെയും ചേര്‍ത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഷാബാ ശെരീഫിനെ കാണാതായപ്പോള്‍ ബന്ധുക്കള്‍ മൈസൂരു പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഷാബായെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി സുഹൃത്തുക്കള്‍ സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ െേപാലീസിനു കൈമാറി. ബന്ധുക്കളെ കാട്ടി ഇത് ഷാബാ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു

RELATED ARTICLES

Most Popular

Recent Comments