സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്നു

0
73

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം 14 ആയി ഉയർന്നു. ഇന്ന് പുതുതായി മൂന്ന് കേസുകൾ കൂടി എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മരിച്ചയാളിൽ എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ഇത്. അതേസമയം എലിപ്പനിയുൾപ്പടെ പകർച്ച വ്യാധികൾ നേരിടാൻ മുഴുവൻ ജില്ലകളിലും നടപടി ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി.

എലിപ്പനി പടരുന്ന ഒൻപത് ജില്ലകളിൽ ഹോട്സ്പോട്ടുകൾ നിശ്ചയിച്ച് പ്രതിരോധ പ്രവർത്തനം നടത്താനാണ് ഉന്നതതല യോഗത്തിലെ നിർദേശം. ഷിഗല്ല, ഡെങ്കി, സിക്ക, നിപ്പ എന്നിവക്കെതിരെയും ജാഗ്രതാ നിർദേശമുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ പ്രഖ്യാപിച്ചിട്ടും മുന്നേറാത്തതിൽ വിമർശനം ഉയർന്നിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസർകോട്, തൃശൂര്‍  ജില്ലകളിൽ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ഉന്നതലയോഗത്തിലെ നിർദേശം.  ഹോട്സ്പോട്ടുകൾ നിശ്ചയിച്ചാകണം പ്രവർത്തനം.  താഴേത്തട്ടിൽ പ്രതിരോധ പ്രവർത്തനം നേരത്തെ പ്രഖ്യാപിച്ചിട്ടും മുന്നേറാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം വിളിച്ചു ചേർത്തത്. സംസ്ഥാനത്ത് ഇതിനോടകം എലിപ്പനിയെന്ന് സംശയിക്കുന്ന മരണങ്ങൾ 55 ആണ്.  നാല് മാസത്തിനിടെ 492  പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.  ഇന്നലെ കോഴിക്കോട് കുന്ദമംഗലത്ത് ഒരാൾക്ക് മലേറിയയും സ്ഥീരികരിച്ചു.  മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 450 കടന്നു. നാല് പേർ മരിച്ചു. ഇതുവരെ മലേറിയ 72 പേർക്കാണ് ബാധിച്ചത്. സംസ്ഥാനത്ത് പേവിഷ ബാധയേറ്റ അഞ്ച് പേരും മരിച്ചുവെന്ന കണക്കും ആശങ്കയുണ്ടാക്കുന്നു.