ട്രെയിനില്‍ കയറുന്നതിനിടെ വീണു, 17-കാരിയുടെ കാലുകള്‍ അറ്റു

0
69

നെയ്യാറ്റിന്‍കര: തീവണ്ടിയില്‍ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കില്‍ വീണ പെണ്‍കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടു. ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട പെണ്‍കുട്ടിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. വലതുകാലിലെ പാദവും മുറിച്ചുമാറ്റി.
തൃശ്ശൂര്‍ പുറനാട്ടുകര പറമ്പുവീട്ടില്‍ രാധിക(17)യാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മാറനല്ലൂര്‍ പഞ്ചായത്തിലെ കോട്ടമുകളിലുള്ള ബന്ധുവിന്റെ മകളുടെ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടിയും ബന്ധുക്കളും.
തിങ്കളാഴ്ച പിറന്നാളാഘോഷം കഴിഞ്ഞ് രാത്രി തൃശ്ശൂരിലേക്കു പോകാനായി ചൈന്നെയില്‍നിന്നുള്ള ഗുരുവായൂര്‍ എക്‌സ്പ്രസില്‍ കയറുന്നതിനിടെയായിരുന്നു അപകടം. അമ്മ മഞ്ജുളയും ബന്ധുക്കളും നോക്കിനില്‍ക്കേയാണ് രാധിക പ്ലാറ്റ്ഫോമിനടിയിലൂടെ ട്രാക്കിലേക്കു വീണത്.
ബന്ധുക്കളും യാത്രക്കാരും രക്ഷപ്പെടുത്താനായി ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥരായ വി.എസ്.സുജനും ഷിബു ക്രിസ്റ്റഫറും രക്ഷാപ്രവര്‍ത്തനം നടത്തി. രാധികയുടെ കാല്‍ തീവണ്ടിയുടെ ചക്രത്തിനിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. കാല്‍ ചക്രത്തിനിടയിലായതു കാരണം തീവണ്ടി പതുക്കെ മുന്നോട്ടെടുത്തു. തുടര്‍ന്നാണ് ചക്രത്തില്‍നിന്നു കാല്‍ വേര്‍പെടുത്തി രാധികയെ പുറത്തെടുക്കാനായത്.
ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടതുകാല്‍ മുട്ടിനു താഴെവച്ചാണ് മുറിച്ചുമാറ്റിയത്. വലതുകാലിന്റെ വിരലുകളിലും ചക്രം കുടുങ്ങിയതു കാരണം പാദവും മുറിച്ചുമാറ്റി. ശസ്ത്രക്രിയ കഴിഞ്ഞ രാധിക മെഡിക്കല്‍ കോളേജ് ഓര്‍ത്തോ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ് രാധിക.