കഞ്ചാവ് വിൽക്കുന്ന വിവരം എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തുവെന്ന് സംശയം: കഞ്ചാവ് കേസിലെ പ്രതി അയൽവാസിയെ കുത്തിപ്പരുക്കേൽപ്പിച്ചു

0
57

തിരുവല്ല: എക്സൈസ് സംഘത്തിന് കഞ്ചാവ് വിൽപ്പന സംബന്ധിച്ച് വിവരം നൽകിയെന്ന സംശയത്തിൽ കഞ്ചാവ് കേസിലെ പ്രതി അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കൻ മുത്തൂർ നാട്ടുകടവ് എസ്എൻഡിപി ഗുരുമന്ദിരത്തിന് സമീപം വച്ച് പയ്യാംപ്ലാത്ത തോമസ് ജോസഫിനാണ്(39) കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുറ്റപ്പുഴ കണ്ടത്തിൻകരയിൽ രാഹുൽ രാജനാ(24)ണ് ആക്രമിച്ചതെന്ന് തോമസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

തോമസിന്റെ ഇടതുകൈയുടെ തോൾ പലകയ്‌ക്കും തോളിന് പിന്നിലായി വലതു വശത്തും നെറ്റിക്കും ആഴത്തിൽ മുറിവുണ്ട്. തോൾ പലകയ്‌ക്കു ഉണ്ടായ മുറിവ് ഗുരുതരമാണ്. മുഖത്തും നാലോളം മുറിവുകൾ ഉണ്ട്. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്നു മാസം മുന്‍പ്‌ രാഹുൽ രാജന്റെ ബൈക്ക് കഞ്ചാവ് സഹിതം എക്സൈസ് പിടിച്ചെടുത്തിരുന്നു. കേസിൽ ഇയാളെ പ്രതിയാക്കി എക്സൈസ് കേസെടുത്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയിൽ ഇരുന്ന ബൈക്കാണ് പിടികൂടിയത്.

ഇത് തോമസ് ഒറ്റു കൊടുത്തതാണ് എന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് രാഹുലും മറ്റൊരാളും വീടിന് മുന്നിൽ ചെന്ന് ചീത്ത വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സമയം തോമസ് വീട്ടിലില്ലായിരുന്നു. അതിന് ശേഷം വീട്ടുസാധനം വാങ്ങാൻ സ്‌കൂട്ടറിൽ പുറത്തേക്ക് പോയ തോമസിനെ പ്രതികൾ നാട്ടുകടവിൽ വച്ച് ആക്രമിക്കുകയായിരുന്നു. തോളിന് പിന്നിൽ കുത്തി വീഴ്‌ത്തുകയാണ് ചെയ്തത്. തുടർന്ന് മുഖത്ത് നിരവധി തവണ കുത്തിപ്പരുക്കേൽപ്പിച്ചു. തിരുവല്ല പൊലീസ് കോട്ടയം മെഡിക്കൽ കോളജിൽ എത്തി മൊഴിയെടുത്തു. പ്രതികൾ ഒളിവിലാണ്.