വിഴിഞ്ഞം 220 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു

0
77

തിരുവനന്തപുരം: വിഴിഞ്ഞം 220 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജലവൈദ്യുത പദ്ധതികള്‍ വഴി മാത്രമേ സംസ്ഥാനത്ത് വൈദ്യുത അടിത്തറ ഉറപ്പാക്കാനാകുവെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 38.5 മെഗാ വാട്ട് ജലവൈദ്യുത പദ്ധതികളും 117.5 മെഗാവാട്ടിന്റെ സൗരോര്‍ജ്ജപദ്ധതികളും ആരംഭിക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. മുടങ്ങി കിടന്ന എല്ലാ പദ്ധതികളും പുനരാരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചെന്നും മന്ത്രി കൂട്ടിചേര്‍ത്തു. നിലവിലുള്ള സബ്സ്റ്റേഷന്റെ സ്ഥലപരിമിതി കണക്കിലെടുത്ത് എയര്‍ ഇന്‍സുലേറ്റഡ് സബ്സ്റ്റേഷനുപകരം നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സബ്സ്റ്റേഷനാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്.

പൂര്‍ണമായും ഓട്ടോമാറ്റിക് നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന സബ്സ്റ്റേഷനില്‍ 220/110 കെ.വി യുടെ 100 എം.വി.എ. ശേഷിയുള്ളതും, 110/11 കെ.വി യുടെ 20 എം.വി.എ. ശേഷിയുള്ളതുമായ രണ്ട് വീതം ട്രാന്‍സ്‌ഫോര്‍മറുകളാണുള്ളത്. കൂടാതെ മുട്ടത്തറയിലും വേളിയിലുമുള്ള 110 കെ.വി സബ്സ്റ്റേഷനുകള്‍ക്കായി ഓരോ 110 കെ.വി ഭൂഗര്‍ഭ കേബിള്‍ ഫീഡറുകള്‍ക്കായുള്ള അനുബന്ധ ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കാട്ടാക്കട 220 കെ.വി. സബ്‌സ്റ്റേഷനില്‍ നിന്നും 10.2 കിലോമീറ്റര്‍ നീളത്തില്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈനും 10.5 കിലോമീറ്റര്‍ നീളത്തില്‍ 220 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനും നിര്‍മ്മിച്ചാണ് പുതിയ വിഴിഞ്ഞം 220 കെ.വി. സബ്‌സ്റ്റേഷനിലേക്കും വിഴിഞ്ഞം പോര്‍ട്ട് 220 കെ.വി. സബ്‌സ്റ്റേഷനിലേക്കും വൈദ്യുതി എത്തിക്കുന്നത്.

വിനോദസഞ്ചാരം, ദേശീയപാതാ വികസനം എന്നിവയോടനുബന്ധിച്ച് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശത്തെ വൈദ്യുതി ആവശ്യകത വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം യഥാര്‍ഥ്യമാകുന്നതോടെ പതിന്‍മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. 55 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കോവളം ദീപ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സന്റ് എം. എല്‍. എ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബി. അശോക്, കെ.എസ്.ഇ.ബി ഡയറക്ടര്‍മാരായ രാജന്‍ ജോസഫ്, അഡ്വ. വി.മുരുഗദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.