ദില്ലി: വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് ബലാത്സംഗക്കുറ്റമായി കണക്കാകാനാകില്ല.
ഭർത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സർക്കാരുകളുമായും മറ്റ് തൽപര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തിൽ തീരുമാനം എടുക്കാവൂ എന്നും അതിനായി ഹർജികളിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സർക്കാറിൻ്റെ ആവശ്യം. ഈ നിർദ്ദേശം തള്ളിയാണ് ഹർജികളിൽ കോടതി വാദം കേട്ടത്.