ഒരിക്കൽ ഒരു കർഷകൻ ദാരിദ്യം മൂലം തന്റെ കോഴിയെ അറുത്തു. അതിന്റെ തല ദൂരേയ്‌ക്ക് തെറിച്ച് പോയെങ്കിലും കോഴി ചത്തില്ല. ആ കോഴി തലയില്ലാതെ ജീവിച്ചു. ആ അത്ഭുത കോഴിയുടെ വാർത്താ കാട്ടുതീ പോലെ പടർന്നു. തലയില്ലാതെ ജീവിക്കുന്ന ആ പക്ഷിയെ കാണാൻ വിവിധ ദേശങ്ങളിൽ നിന്നും ആളുകളെത്തി. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് കോഴി അതിപ്രശസ്തനായി.. കർഷകൻ അതിലൂടെ കോടികൾ സമ്പാദിച്ചു. കേൾക്കുമ്പോൾ ഒരു പഴങ്കഥ പോലെ തോന്നുന്നുണ്ടല്ലേ.. എന്നാൽ ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. തലയില്ലാതെ പതിനെട്ട് മാസത്തോളം ജീവിച്ച മൈക്ക് ദ ഹെഡ്ലെസ് ചിക്കൻ എന്ന കോഴിയുടെ കഥ. 1945ൽ കൊളറാഡോയിലാണ് ഇത് നടക്കുന്നത്. ലോയ്ഡ് ഒൽസെൻ എന്ന കർഷകനും ഭാര്യ ക്ലാരയും തങ്ങളുടെ ഫാമിൽ കോഴികളെ അറുക്കുകയായിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും ഒരെണ്ണം മാത്രം ചത്തില്ല. അത് പ്രത്യേക രീതിയിലുള്ള ശബ്ദമുണ്ടാക്കി അവിടെയുമിവിടെയും ഓടി നടന്നു. രാത്രി ഒരു പെട്ടിക്കൂട്ടിൽ അടച്ചിട്ട കോഴി രാവിലെയാകുമ്പോഴേക്കും ചത്തുകാണുമെന്നും കർഷകൻ വിചാരിച്ചു. എന്നാൽ രാവിലെ കൂട് തുറന്ന് നോക്കിയ അയാൾ ഞെട്ടി. കോഴി ഒരു പ്രശ്‌നവുമില്ലാതെ ചുറുചുറുക്കോടെ നടക്കുന്നു. തലയില്ല എന്നൊരു പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ കോഴി കർഷകന്റെ കുടുംബത്തിന്റെ തലവര തന്നെ മാറ്റി മറിച്ചു. തലയില്ലാത്ത വിചിത്ര ജീവിയെ തേടി ആളുകൾ ഒൽസന്റെ വീട്ടിലേക്ക് ഇരച്ചുവന്നു. പരീക്ഷണശാലകളിലും പ്രദർശനങ്ങളിലും മൈക് തിളങ്ങി, പത്രങ്ങളുടെയും മാസികകളുടെയും സ്ഥിരം മോഡലായി. എന്തിന് പറയുന്നു വിക്കിപീഡിയയിൽ വരെ ഈ അദ്ഭുതകോഴിയ്‌ക്കു വേണ്ടിയൊരു പേജ് തുടങ്ങി. മൈക് ദ ഹെഡ്ലെസ് ചിക്കൻ എന്നായിരുന്നു പേജിന്റെ പേര്. എന്നാൽ കോഴി എങ്ങനെയാണ് തലയില്ലാതെ ജീവിച്ചത് എന്ന് കണ്ടെത്താൻ ആരും പരിശ്രമിച്ചില്ല. ശ്രമിച്ചവർക്ക് മൂഢന്മാരുടെ മറുപടികൾ ലഭിച്ചു. കോഴിയുടെ ജീവൻ നിലനിർത്തിയത് അന്നനാളം വഴി നേരിട്ട് ഭക്ഷണവും വെള്ളവും നൽകിയാണ്. എന്നാൽ 18 മാസം ആയപ്പോഴേക്കും കോഴി ചത്തു. അതോടെ മൈക്ക് ഒരു അത്ഭുത കോഴിയായി ചരിത്രത്തിൽ ഇടം പിടിച്ചു.
വർഷങ്ങൾക്ക് ശേഷമാണ് ഈ അത്ഭുത പ്രതിഭാസത്തിന്റെ വ്യക്തമായ കാരണം കണ്ടെത്തിയത്. ശരീരത്തിൽ നിന്നും തലച്ചോർ വേർപെട്ടെങ്കിലും, സ്‌പൈനൽ കോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്‌സിജൻ നിലനിന്നതാണ് മൈക് ജീവിച്ചിരിക്കാൻ കാരണം. തലയറുക്കുമ്പോൾ മിക്ക കോഴികളും ചത്തുവീഴുകയാണ് പതിവ്. പക്ഷേ ചുരുക്കം സന്ദർഭങ്ങളിൽ ന്യൂറോണുകൾ പ്രവർത്തിക്കാൻ സജ്ജമാകും. അറുത്തു മുറിച്ചെങ്കിലും ഒരു കഷ്ണം മസ്തിഷ്‌ക ഭാഗത്തിന്റെ സഹായത്തോടെ മൈക്ക് ജീവിച്ചു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയെല്ലാം ഈ മസ്തിഷ്‌കഭാഗത്തിന്റെ സഹായത്തോടെയാണ് നിർവഹിച്ചത്. എന്നാൽ മൈക്കിനെ ജനങ്ങൾ മറന്നില്ല. മൈക്കിന്റെ പേരിൽ ഇന്ന് കൊളറാഡോയിലെ ഫ്രൂട്ടയിൽ സംസ്‌കാരിക സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. 1999 മുതല് മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്‌ച്ചാവസാനം മൈക് ദ ഹെഡ് ലസ് ചിക്കൻ ഡേ ആയി കോളറാഡോയിൽ ആചരിക്കാൻ തുടങ്ങി. പിന്നീട് മൈക്കിനെപ്പോലെ ഒരു കോഴിയെ സൃഷ്ടിക്കാൻ പലരും ശ്രമിച്ചെങ്കിലും അതെല്ലാം പാളിപ്പോയി. മൈക്ക് ദ ഹെഡ്ലെസ് ചിക്കൻ ഇന്നും ആളുകൾക്ക് ഒരു അത്ഭുതമാണ്.