ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് നാട്ടുകാരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് പരാതി;ദമ്പതിമാര്‍ ഒളിവില്‍

0
89

കോയമ്പത്തൂര്‍: ഉയര്‍ന്നപലിശ വാഗ്ദാനംചെയ്ത് നാട്ടുകാരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് പരാതി. സംഭവത്തില്‍ 16 ലക്ഷം നഷ്ടമായ ആളുടെ പരാതിയില്‍ ദമ്പതിമാര്‍ക്കെതിരേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേകസംഘം കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയവര്‍ ഒളിവിലാണ്.

സുന്ദരാപുരം-മധുക്കര റോഡില്‍ കുറിഞ്ചിനഗറില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഫോറെക്‌സ് മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിന്റെ ഉടമ പി. വിമല്‍കുമാര്‍ (37), ഭാര്യ വി. രാജേശ്വരി (37) എന്നിവര്‍ക്കെതിരേ രാമനാഥപുരം ജില്ലയിലെ സോമനാഥപുരം സ്വദേശി കെ. മുരുഗന്റെ പരാതിയിലാണ് കേസ്. മാസം എട്ടുമുതല്‍ പത്തുശതമാനംവരെ പലിശ വാഗ്ദാനംചെയ്ത് വിമല്‍കുമാറും സംഘവും ഏതാണ്ട് 300 കോടിയോളംരൂപ നിക്ഷേപമായി ശേഖരിച്ചതായാണ് മുരുഗന്‍ പരാതിയില്‍ പറയുന്നത്.

മുരുഗന്‍തന്നെ 16 ലക്ഷംരൂപ നിക്ഷേപിച്ചു. എന്നാല്‍ പലിശയുംമറ്റും മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ വഞ്ചിതരായവിവരം അറിയുന്നത്.

ആല്‍ഫ ട്രേഡേഴ്സ്, ആല്‍ഫ എജുക്കേഷന്‍ എന്നിങ്ങനെ പലപേരുകളിലായി നിരവധി കമ്പനികള്‍ രജിസ്റ്റര്‍ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്.

തട്ടിപ്പുനടത്തിയ ദമ്പതിമാര്‍ ഒളിവിലാണെന്നും ഇവരുടെ ബന്ധുക്കളെ നിരീക്ഷിക്കുന്നുവെന്നും പോലീസ് പറഞ്ഞു. വിമല്‍കുമാറിന്റെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തി പ്രധാനപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.