ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടനും നിര്‍മ്മാതാവുമായ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

0
94

പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടനും നിര്‍മ്മാതാവുമായ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍.

ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഏതാണ്ട് 12 കോടി രൂപ ഇതിനായി വേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.

‘ ദുബായിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ആശുപത്രിയില്‍ നിന്നൊരാള്‍ എന്നെ ബന്ധപ്പെടുന്നത്. അവര്‍ക്ക് എന്നോടൊപ്പം സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. ഞാന്‍ അവര്‍ക്കൊപ്പം സഹകരിക്കാന്‍ തയ്യാറാണ്,​ പകരം പ്രതിഫലമായി അമ്ബത് പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ കഴിയുമോയെന്ന് ഞാന്‍ അവരോട് ചോദിച്ചു.

ഏതാണ്ട് 12 കോടി രൂപ അതിന് ചെലവ് വരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. സാമ്ബത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്കാണ് സഹായം നല്‍കുന്നത്.” സോനു സൂദ് പറഞ്ഞു.

ഇതിന് മുമ്ബും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ കൈവരിച്ചിരുന്നു. ജോലി സംബന്ധമായി വിവിധയിടങ്ങളില്‍ കുടുങ്ങിപോയവര്‍ക്കുള്ള ഗതാഗത സൗകര്യങ്ങള്‍ അടക്കം ഭക്ഷണവും വെള്ളവും ചികിത്സയും വരെ താരം ലഭ്യമാക്കി.