ആത്മഹത്യാഭീഷണിയുമായി മൊബൈല്‍ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍ക്കുത്തേറ്റ് താഴേക്കു ചാടി

0
66

കായംകുളം: ആത്മഹത്യാഭീഷണിയുമായി മൊബൈല്‍ഫോണ്‍ ടവറില്‍ കയറിയ യുവതി കടന്നല്‍ക്കുത്തേറ്റ് ഗത്യന്തരമില്ലാതെ താഴേക്കു ചാടി. തമിഴ്നാട് സ്വദേശിനിയാണ് ഏറെനേരം നാടിനെ മുള്‍മുനയിലാക്കിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കായംകുളം ബി.എസ്.എന്‍.എല്‍. ഓഫീസിലാണ് സംഭവം. 23 വയസ്സുള്ള യുവതി ഓഫീസിലെത്തി ശൗചാലയം ചോദിച്ച് മുകളിലേക്കു കയറിപ്പോയി. ജീവനക്കാര്‍ വീട്ടില്‍പ്പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ യുവതി ടവറില്‍ വലിഞ്ഞുകയറുന്നതാണു കണ്ടത്. കൈയില്‍ ഒരുകുപ്പി പെട്രോളും ലൈറ്ററുമുണ്ടായിരുന്നു.
ഭര്‍ത്താവിനോടൊപ്പമുള്ള തന്റെ കുഞ്ഞിനെ തിരികെക്കിട്ടാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് യുവതി പറഞ്ഞു. ജീവനക്കാര്‍ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചു. നാട്ടുകാരും തടിച്ചുകൂടി. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ടവറിനുചുറ്റും വലവിരിച്ചു. ഇതിനിടെ ടവറിലുണ്ടായിരുന്ന കടന്നല്‍ക്കൂട് ഇളകി. യുവതിയെ കടന്നല്‍ പൊതിഞ്ഞു. കുത്തേറ്റതോടെ താഴേക്കിറങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് വലയിലേക്കു ചാടി. കടന്നല്‍ ഇളകിയതോടെ തടിച്ചുകൂടിയവരും ചിതറിയോടി. താഴെയെത്തിയ യുവതിക്ക് പ്രഥമശുശ്രൂഷ നല്‍കി താലൂക്കാശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ കൈയില്‍നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. തമിഴ്നാട് വില്ലുപുരം മേട്ടു സ്വദേശിനിയായ യുവതി ഇപ്പോള്‍ ചാരുംമൂട്ടില്‍ കൂട്ടുകാരിയോടൊപ്പമാണ് താമസം. ഏപ്രില്‍ 13-ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൈയില്‍ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയിലുണ്ട്.