കൃഷിഫാമുകൾ ഹരിതഗൃഹ വാതക വിമുക്തമാക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു

0
167

പാലക്കാട്: സമ്പൂർണ പരിസ്ഥിതിസൗഹൃദ കൃഷിരീതികളിലൂടെ നിലവിലുള്ള മുഴുവൻ കൃഷിഫാമുകളും ഹരിതഗൃഹവാതക വിമുക്തമാക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെട്ട ഫാമുകളിൽ കാർബൺവാതക സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നീരീക്ഷണത്തിനും സർട്ടിഫിക്കേഷനുമായി സാങ്കേതിക സ്ഥാപനങ്ങളെ ചുമതലപ്പെടുത്താൻ തീരുമാനമായി. ഇതിനാവശ്യമായ സാങ്കേതികശേഷിയുള്ള സ്ഥാപനങ്ങളിൽനിന്ന് കൃഷിവകുപ്പ് ഡയറക്ടർ താത്പര്യപത്രം ക്ഷണിച്ചു.
കാർഷികപ്രവർത്തനങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺഡൈഓക്സൈഡ്, മീഥെയ്ൻ തുടങ്ങിയ വാതകങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകവഴി ഫാമുകളെ ഹരിതഗൃഹവിമുക്ത സർട്ടിഫിക്കേഷന് കീഴിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിവകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് പറഞ്ഞു.
ഇതിനാവശ്യമായ രീതിയിൽ ഫാമുകളിലെ ഉത്പാദന പ്രക്രിയ, വിളക്രമീകരണം, വളപ്രയോഗം, യന്ത്രവത്കൃത പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കാനും ക്രമീകരിക്കാനും നടപടിയുണ്ടാകും. ഇതിനായി ഹരിതഗൃഹവാതകങ്ങളുടെ ഉത്പാദനസാധ്യത കൂടുതലുള്ള ഫാമുകൾ കണ്ടെത്തിയാവും ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയെന്നും കൃഷിഡയറക്ടർ വ്യക്തമാക്കി.
കൃഷിവകുപ്പ് ഫാമുകളിൽ നടപ്പാക്കുന്ന മാതൃക സ്വകാര്യ കൃഷിഫാമുകൾക്കും ഉപയോഗപ്പെടുത്താനാവും തരത്തിൽ ദൃശ്യവത്കരിച്ച് പ്രചരിപ്പിക്കുന്നതിനും നടപടിയുണ്ടാവും.
കൃഷിവകുപ്പിന് കീഴിൽ സംസ്ഥാനത്ത് 64 ഫാമുകളാണ് നിലവിലുള്ളത്. ഇതിൽ 33 സംസ്ഥാന വിത്തുത്പാദന ഫാമുകളും 10 ജില്ലാ കൃഷിഫാമുകളുമുണ്ട്. നെല്ലിയാമ്പതി ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം, മലമ്പുഴ ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് ഫാം എന്നിവയടക്കം 13 പ്രത്യേക ഫാമുകളും കൃഷിവകുപ്പ് സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. എട്ട് തെങ്ങിൻതൈ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്.
പാരമ്പരാഗത കൃഷിഫാമുകളെ അപേക്ഷിച്ച് പ്രത്യേക ഫാമുകളിലാണ് ഹരിതഗൃഹവാതക സാന്നിധ്യം കൂടുതലുണ്ടാകാനുള്ള സാധ്യത കൽപ്പിക്കപ്പെടുന്നത്. ഈ ഫാമുകളെ കേന്ദ്രീകരിച്ചാവും ആദ്യഘട്ട പ്രവർത്തനങ്ങൾ.